ന്യൂഡല്‍ഹി: ലൈംഗികാരോപണങ്ങള്‍ നേരിടുന്ന തമിഴ് കവി വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്‌കാരം നല്‍കിയതില്‍ പ്രതിഷേധിച്ച് പുതിയ സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ച് തമിഴ്‌നാട് നവ എഴുത്തുകാരന്‍ ജയമോഹന്‍. ലിവിങ് തമിഴ് അവാര്‍ഡ് എന്ന പേരില്‍ ലോക സാഹിത്യത്തിലെ മികച്ച കൃതിക്കാണ് പുരസ്‌കാരം നല്‍കുക. ഒരു കോടി രൂപ അടങ്ങുന്നത് പുരസ്‌കാരം. ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ജയമോഹന്‍ ഇക്കാര്യം അറിയിച്ചത്.
പുരസ്‌കാര നിര്‍ണയത്തിന് രണ്ടുമാസത്തിനകം ട്രസ്റ്റ് രൂപീകരിക്കും. ഇന്ത്യന്‍ ഭാഷയ്ക്ക് സ്വഭാവികമായ പരിഗണന നല്‍കി ആഗോള ഭാഷയില്‍ നിന്നുള്ള കൃതികളാവും തെരഞ്ഞെടുക്കുക. സുതാര്യമായ രീതിയിലാവും തെരഞ്ഞെടുപ്പ്. നിലവില്‍ പുരസ്‌കാര പ്രഖ്യാപനം നടത്തുക മാത്രമാണ് ചെയ്യുന്നത്. മറ്റ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും ജയമോഹന്‍ പറഞ്ഞു.
തമിഴിലെ യഥാര്‍ഥ സാഹിത്യ ശ്രേണിയെ അവഗണിച്ച് ഗാനരചയിതാവായ വൈരമുത്തുവിന് പുരസ്‌കാരം നല്‍കിയതോടെ ജ്ഞാനപീഠത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്ന് ജയമോഹന്‍ ആരോപിക്കുന്നു. തമിഴ് സാഹിത്യത്തിന്റെ വ്യാപ്തിയും ശ്രേഷ്ഠതയും ശേഷിയും വ്യക്തമാക്കാനാണ് ഒരുകോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ചിരിക്കുന്നതെന്നും ജയമോഹന്‍ വ്യക്തമാക്കി.
