ഇസ്രായേല്‍ പരാജയപ്പെടുന്ന അവസ്ഥയുണ്ടായാല്‍ യുദ്ധത്തിനിറങ്ങുമെന്ന് ഉഗാണ്ട സൈനിക മേധാവി

ഇസ്രായേല്‍ പരാജയപ്പെടുന്ന അവസ്ഥയുണ്ടായാല്‍ യുദ്ധത്തിനിറങ്ങുമെന്ന് ഉഗാണ്ട സൈനിക മേധാവി


കംപാല: മധ്യപൂര്‍വദേശത്തെ സംഘര്‍ഷം അവസാനിക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കിലും ഇസ്രായേല്‍ പരാജയപ്പെടുന്ന സാഹചര്യമുണ്ടായാല്‍ അവരുടെ പക്ഷത്ത് നിന്നു യുദ്ധത്തില്‍ പങ്കെടുക്കുമെന്ന് ഉഗാണ്ട സൈനിക മേധാവി പറഞ്ഞു.

മധ്യപൂര്‍വദേശത്തെ യുദ്ധം ഇപ്പോള്‍ തന്നെ അവസാനിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും ലോകം മടുത്തിരിക്കുകയാണെന്നും പറഞ്ഞ ജനറല്‍ മുഹൂസി കൈനറുഗാബ ഇസ്രായേലിനെ നശിപ്പിക്കുകയോ തോല്‍പ്പിക്കുകയോ ചെയ്യാനുള്ള ഏതൊരു ശ്രമവും ഉണ്ടായാല്‍ തങ്ങള്‍ യുദ്ധത്തില്‍  ഇസ്രായേലിന്റെ പക്ഷത്ത് ചേരുമെന്നും പറഞ്ഞു. ഉഗാണ്ടയുടെ പ്രതിരോധ സേനാമേധാവിയും പ്രസിഡന്റ് യൊവേരി മുസേവേനിയുടെയും മകനുമാണ് ജനറല്‍ മുഹൂസി കൈനറുഗാബ.

അദ്ദേഹം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് ഈ പ്രതികരണം രേഖപ്പെടുത്തിയത്.

1976-ല്‍ ഉഗാണ്ടയിലെ എന്‍ടെബ്ബെയില്‍ നടന്ന ബന്ദി രക്ഷാപ്രവര്‍ത്തനത്തിനിടെ കൊല്ലപ്പെട്ട ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സഹോദരനായ യോനത്താന്‍ യോണി നെതന്യാഹുവിനെ അനുസ്മരിച്ച് പ്രതിമ സ്ഥാപിക്കാനുള്ള പദ്ധതി കൈനറുഗാബ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.