ജെറുസലേം: ഇസ്രായേല്‍ സൈന്യത്തിലെ ആള്‍ക്ഷാമം പരിഹരിച്ചില്ലെങ്കില്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയായിരിക്കുമെന്ന് സൈനിക മേധാവി ലെഫ്റ്റനന്റ് ജനറല്‍ എയാല്‍ സാമിര്‍ പറഞ്ഞു.
ശരാശരി ശാന്തമായ കാലത്തും ഗാസ, ലെബനോന്‍, സിറിയ, വെസ്റ്റ് ബാങ്ക് ഉള്‍പ്പെടെയുള്ള മറ്റു മേഖലകളില്‍ കൂടുതല്‍ സൈനികര്‍ ആവശ്യമായിരുന്നുവെന്നും യുദ്ധകാലത്ത് ആള്‍ക്ഷാമം ഗുരുതര പ്രശ്‌നമാണെന്നും സൈനിക മേധാവി അറിയിച്ചു.
ഹാരേദി (അതിവിശ്വാസി യഹൂദര്‍) ജനസംഖ്യയില്‍ സൈനിക അംഗത്വം വ്യാപകമാക്കുന്ന നിയമം ഇല്ലാതിരിക്കുന്നതിനോടാണ് സൈനികരുടെ കുറവിനെ ബന്ധിപ്പിച്ചിരിക്കുന്നത്.
വെസ്റ്റ്ബാങ്കിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് ആള്‍ക്ഷാമം കടുത്ത വെല്ലുവിളിയാണെന്ന് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി മേജ ജനറല്‍ അവി ബ്ലൂത്ത് പറഞ്ഞു.
സൈനിക മേധാവിയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതിപക്ഷ നേതാക്കള്‍ കടുത്ത വിമര്‍ശനവുമായി മുന്നോട്ട് വന്നു. അടുത്ത ദുരന്തത്തില്‍, സര്‍ക്കാറിന് 'നമ്മള്‍ക്ക് അറിയില്ലെന്ന്' പറയാന്‍ സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് യയര്‍ ലാപിഡ് പറഞ്ഞു. എന്തിനാണ് കാത്തിരിക്കുന്നതെന്ന ചോദ്യമാണ് മുന്‍ പ്രധാനമന്ത്രി നാഫ്തലി ബെനറ്റ് ഉയര്‍ത്തിയത്.
മുന്‍ സൈനിക മേധാവി ഗാഡി ഐസന്‍കോട്ട് സര്‍വരാഷ്ട്രീയ സൈനിക സേവനം ഇപ്പോഴത്തെ ആവശ്യകതയാണ് എന്ന് പറഞ്ഞു. ലാപിഡ് ഹാരേദി പുരുഷന്മാരെ സൈന്യത്തിലേക്ക് ചേര്‍ക്കുന്നതിന് സര്‍ക്കാര്‍ കൂടുതല്‍ ശ്രമം കാണിക്കണമെന്നും ആവശ്യപ്പെട്ടു.
ഇസ്രായേല്‍ നേതൃത്വമാണ് ഐ ഡി എഫിന്റെ വിജയത്തിന് തടസ്സമെന്നും ഐ ഡി എഫില്‍ ഇപ്പോള്‍ 20,000 സൈനികരുടെ കുറവാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മികച്ച ആരോഗ്യ നിലയിലുള്ള ഒരു ലക്ഷം ഹരേദിമാര്‍ സൈനിക പ്രായത്തിലുണ്ടെന്നും അവരില്‍ അഞ്ചിലൊന്ന് മാത്രം സൈന്യത്തില്‍ ചേര്‍ന്നാല്‍ മറ്റു പ്രശ്‌നങ്ങളുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധകാലത്ത് സര്‍ക്കാറിനെതിരെയുള്ള ഗുരുതരമായ കുറ്റപത്രമാണ് സാമിറിന്റെ മുന്നറിയിപ്പെന്ന് മുന്‍ ഐ ഡി എഫ് മേധാവിയും ബ്ലൂ ആന്റ് പാര്‍ട്ടി നേതാവുമായ എം കെ ബെനി ഗാന്‍ട്‌സ് പറഞ്ഞു.
സാമിറിന്റെ പ്രസ്താവനകള്‍ പ്രതിപക്ഷ നേതാക്കള്‍ വ്യാഖ്യാനിച്ചത് തെറ്റായ രീതിയിലാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫിസ് പറഞ്ഞു.
ഐ ഡി എഫ് മേധാവിമാരും മുതിര്‍ന്ന സൈനിക ഓഫിസര്‍മാരും സര്‍ക്കാറിന്റെ ഹാരേദി ഡ്രാഫ്റ്റ് ഒഴിവാക്കല്‍ നിയമത്തിന് പിന്തുണ നല്‍കുന്നില്ല.
