ടെഹ്‌റാനിലെ പാക് എംബസി ആക്രമണം: ഇസ്രയേലിന് പാകിസ്താന്റെ കടുത്ത മുന്നറിയിപ്പ്

ടെഹ്‌റാനിലെ പാക് എംബസി ആക്രമണം: ഇസ്രയേലിന് പാകിസ്താന്റെ കടുത്ത മുന്നറിയിപ്പ്


ഇസ്ലാമാബാദ്: ഇറാനിലെ ടെഹ്‌റാനിൽ പാകിസ്താൻ എംബസിക്ക് സമീപം നടന്ന വ്യോമാക്രമണ റിപ്പോർട്ടുകൾക്ക് പിന്നാലെ, ഇസ്രയേലിനെതിരെ കടുത്ത മുന്നറിയിപ്പുമായി പാകിസ്താൻ രംഗത്തെത്തി. പാകിസ്താൻ സർക്കാരുമായി ബന്ധമുള്ള തിങ്ക് ടാങ്കായ പാകിസ്താൻ സ്ട്രാറ്റജിക് ഫോറമാണ് പ്രസ്താവന പുറത്തിറക്കിയത്. ലോകത്തിന്റെ എവിടെയായാലും പാകിസ്താൻ നയതന്ത്രജ്ഞർക്ക് കേടുപാടുകൾ സംഭവിച്ചാൽ ശക്തമായ മറുപടി നൽകുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

'പാകിസ്താൻ ഖത്തർ അല്ല' എന്ന വാചകത്തോടെ തുടങ്ങിയ പ്രസ്താവനയിൽ, നയതന്ത്രജ്ഞർക്കെതിരായ ആക്രമണം സഹിക്കില്ലെന്നും കടുത്ത ഭാഷയിൽ പ്രതികരിച്ചു. അമേരിക്കയും ഇസ്രയേലും ചേർന്ന് ടെഹ്‌റാനിൽ നടത്തിയതായി റിപ്പോർട്ട് ചെയ്യുന്ന പുതിയ വ്യോമാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ പ്രതികരണം. 

ആക്രമണം പാകിസ്താൻ എംബസിയുടെയും അംബാസഡറുടെ വസതിയുടെയും സമീപത്തായിരുന്നുവെന്നും ശക്തമായ സ്‌ഫോടനത്തിൽ എംബസി പരിസരം കുലുങ്ങിയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അംബാസഡർ സുരക്ഷിതനാണെന്നും, എന്നാൽ സമീപ പ്രദേശങ്ങളിൽ നാശനഷ്ടങ്ങൾ ഉണ്ടായതായും വിവരം.

ഇതിനിടെ, അമേരിക്ക-ഇറാൻ സംഘർഷം ശമിപ്പിക്കാൻ ഇടനിലക്കാരനാകാൻ പാകിസ്താൻ ശ്രമം ശക്തമാക്കിയിരിക്കുകയാണ്. ഇരു രാജ്യങ്ങളും താൽപര്യമുണ്ടെങ്കിൽ ചർച്ചകൾക്ക് വേദിയൊരുക്കാൻ തയ്യാറാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വ്യക്തമാക്കിയിട്ടുണ്ട്. 

പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം രൂക്ഷമാകുന്നതിനിടെ, പാകിസ്താന്റെ മുന്നറിയിപ്പ് മേഖലയിലെ സംഘർഷം കൂടുതൽ ശക്തമാകുമോ എന്ന ആശങ്ക ഉയർത്തുകയാണ്.