മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസിൽ പ്രശസ്ത ഗോൾഫ് താരം ടൈഗർ വുഡ്‌സ് അറസ്റ്റിൽ

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസിൽ പ്രശസ്ത ഗോൾഫ് താരം ടൈഗർ വുഡ്‌സ് അറസ്റ്റിൽ


ഫ്‌ളോറിഡ:  പ്രശസ്ത ഗോള്ഫ് താരം ടൈഗർ വുഡ്‌സിനെ പൊലീസ് 'ഡ്യൂഐ' (മദ്യപിച്ച് വാഹനം ഓടിക്കൽ) കേസിൽ അറസ്റ്റ് ചെയ്തു. ഫ്‌ളോറിഡയിലെ ജ്യൂപ്പിറ്റർ ഐലൻഡിൽ ഉണ്ടായ വാഹനാപകടത്തെ തുടർന്നാണ് അറസ്റ്റ്. 

വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടം ഉണ്ടായത്. 50 കാരനായ വുഡ്‌സിന് പരിക്കുകളൊന്നും ഉണ്ടായില്ലെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽപ്പെട്ട മറ്റ് രണ്ട് പേരിൽ ഒരാൾ സ്ഥിരാവസ്ഥയിലാണെന്നും മറ്റൊരാൾ ആശുപത്രിയിൽ പോകാൻ വിസമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി.

വുഡ്‌സ് അതിവേഗത്തിൽ രണ്ട് ലെയിൻ റോഡിലൂടെ ട്രക്ക് മറികടക്കാൻ ശ്രമിക്കുന്നതിനിടെ ട്രക്കിന്റെ ട്രെയിലറുമായി ഇടിച്ച് വാഹനം മറിഞ്ഞതാണ് അപകടകാരണമെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അപകടത്തിന് പിന്നാലെ വുഡ്‌സ് സ്വയം വാഹനത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയതായും പൊലീസ് പറഞ്ഞു. വാഹനത്തിൽ മയക്കുമരുന്നുകളോ മറ്റു ലഹരിവസ്തുക്കളോ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം ഒറ്റയ്ക്കായിരുന്നു യാത്ര ചെയ്തതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

വുഡ്‌സിനെതിരെ ഡ്യൂഐ, സ്വത്തുതകർക്കൽ, നിയമപരമായ പരിശോധനയ്ക്ക് വിസമ്മതം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ശ്വാസപരിശോധനയിൽ (ബ്രെത്ത് അനലൈസർ) മദ്യപാനം കണ്ടെത്തിയില്ലെങ്കിലും, മൂത്ര പരിശോധനയ്ക്ക് അദ്ദേഹം വിസമ്മതിച്ചതാണ് കേസിൽ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.

അപകടത്തെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. വുഡ്‌സ് തന്റെ അടുത്ത സുഹൃത്താണെന്നും അപകടത്തിന് ശേഷം ചില ബുദ്ധിമുട്ടുകൾ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഫ്‌ളോറിഡയിൽ ഡ്യൂഐ കേസുകളിൽ ശിക്ഷകൾ കുറ്റങ്ങളുടെ ഗൗരവം അനുസരിച്ച് വ്യത്യാസപ്പെടും. ആദ്യ കുറ്റത്തിന് ആറുമാസം വരെ തടവുശിക്ഷ ലഭിക്കാമെങ്കിലും, ഗുരുതര സാഹചര്യങ്ങളിൽ ഇത് വർധിക്കാം. ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങൾക്കും അപകടത്തിൽ ആളപായം സംഭവിക്കുന്ന സാഹചര്യങ്ങളിലും കൂടുതൽ കർശനമായ ശിക്ഷകൾ (30 വർഷം വരെ തടവ്) നിയമത്തിൽ വ്യവസ്ഥപ്പെടുത്തിയിട്ടുണ്ട്.