കാഠ്മണ്ഡു: യുവജന പ്രതിഷേധക്കാർക്കെതിരായ ക്രൂര നടപടികൾ എടുത്ത കേസിൽ നേപ്പാളിലെ മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയും മുൻ ആഭ്യന്തര മന്ത്രി രമേഷ് ലേഖകും അറസ്റ്റിലായി. ശനിയാഴ്ച രാവിലെയാണ് ഇരുവരെയും കാഠ്മണ്ഡു വാലി പൊലീസ് കസ്റ്റഡിയിലെടുത്തത്. നിയമനടപടികൾ തുടരുമെന്ന് പൊലീസ് അറിയിച്ചു.
പുതിയ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ നയിക്കുന്ന സർക്കാർ അധികാരമേറ്റ് ഒരു ദിവസത്തിനുള്ളിലാണ് ഈ അറസ്റ്റ് നടന്നത്. 2025ലെ ജനകീയ പ്രക്ഷോഭത്തിന് പിന്നാലെയാണ് ഒലി സർക്കാരിന്റെ പതനം സംഭവിച്ചത്.
കഴിഞ്ഞ വർഷം സെപ്തംബർ 8, 9 തീയതികളിൽ നടന്ന യുവജന പ്രതിഷേധങ്ങളാണ് കേസിന് ആധാരമായത്. സോഷ്യൽ മീഡിയ നിരോധനത്തിനെതിരെ ആരംഭിച്ച പ്രതിഷേധം പിന്നീട് വിലക്കയറ്റം, തൊഴിലില്ലായ്മ, ഭരണ പ്രശ്‌നങ്ങൾ എന്നിവക്കെതിരായ വലിയ സമരമായി മാറുകയായിരുന്നു.
പ്രക്ഷോഭത്തിനിടെ കുറഞ്ഞത് 77 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. ആദ്യ ദിവസത്തിൽ തന്നെ 19 യുവാക്കൾ സുരക്ഷാസേനയുടെ വെടിവെപ്പിൽ മരിച്ചു. പിന്നീട് രാജ്യവ്യാപകമായി പ്രതിഷേധം വ്യാപിച്ചു, സർക്കാർ കെട്ടിടങ്ങളും പാർലമെന്റ് ഓഫിസുകളും അഗ്‌നിക്കിരയാക്കി. ഇതോടെ ഒലി സർക്കാർ രാജിവെക്കേണ്ടിവന്നു.
സംഭവത്തെക്കുറിച്ചുള്ള സർക്കാർ അന്വേഷണം, ഒലിയുൾപ്പെടെ നിരവധി ഉന്നത ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ ശുപാർശ ചെയ്തിരുന്നു. വെടിവെക്കാൻ നേരിട്ടുള്ള ഉത്തരവുണ്ടായിരുന്നുവെന്ന് തെളിയിക്കാനായിട്ടില്ലെങ്കിലും, വെടിവെപ്പ് തടയാനോ നിയന്ത്രിക്കാനോ മേധാവിത്വത്തിൽ നിന്നുള്ള ശ്രമം ഉണ്ടായില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. അലംഭാവം മൂലം പ്രായപൂർത്തിയാകാത്തവരും കൊല്ലപ്പെട്ടതായി അന്വേഷണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
'സെപ്തംബർ കൂട്ടക്കൊല' കേസ്: നേപ്പാൾ മുൻ പ്രധാനമന്ത്രി ഒലി അറസ്റ്റിൽ
