യുദ്ധം ശക്തമാകുന്നു: യു.എസ്. മൂന്നാം വിമാനവാഹിനിയായ യു.എസ്.എസ്. ജോർജ് എച്ച്. ഡബ്ല്യു. ബുഷിനെ അയക്കാൻ സാധ്യത

യുദ്ധം ശക്തമാകുന്നു:  യു.എസ്.   മൂന്നാം വിമാനവാഹിനിയായ യു.എസ്.എസ്. ജോർജ് എച്ച്. ഡബ്ല്യു. ബുഷിനെ  അയക്കാൻ സാധ്യത


പശ്ചിമേഷ്യയിലെ യുദ്ധം രൂക്ഷമാകുന്നതിനിടെ, അമേരിക്ക മൂന്നാമത്തെ വിമാനവാഹിനിയായ യു.എസ്.എസ്. ജോർജ് എച്ച്. ഡബ്ല്യു. ബുഷിനെ യുദ്ധമേഖലയിലേക്ക് വിന്യസിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. യു.എസ്. സെൻട്രൽ കമാൻഡ് പരിധിയിലേക്കാണ് ഈ വിമാനവാഹിനി അയയ്ക്കുന്നതെന്ന് സൂചന.

ഇറാനെതിരായ സൈനിക നടപടികൾ തുടരുന്നതിനിടെ, ഇതിനകം തന്നെ യു.എസ്.എസ്. ജെറാൾഡ് ആർ. ഫോർഡും യു.എസ്.എസ്. എബ്രഹാം ലിങ്കണും പ്രദേശത്ത് വിന്യസിച്ചിരിക്കുകയാണ്. ഇതിലേക്ക് മൂന്നാമത്തെ വിമാനവാഹിനി കൂടി എത്തുന്നതോടെ അമേരിക്കയുടെ സൈനിക ശക്തി കൂടുതൽ വർധിക്കുമെന്നാണ് വിലയിരുത്തൽ. 

റിപ്പോർട്ടുകൾ പ്രകാരം, ബുഷ് കയറിയർ സ്‌ട്രൈക്ക് ഗ്രൂപ്പ് പരിശീലനം പൂർത്തിയാക്കി പ്രധാന യുദ്ധപ്രവർത്തനങ്ങൾക്ക് സജ്ജമായിരിക്കുകയാണ്. ഇത് ഇറാനെതിരായ ഓപ്പറേഷനുകളിൽ നേരിട്ട് പങ്കുചേരാനിടയുണ്ടെന്നും സൂചനയുണ്ട്. 

ഇതിനിടെ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനുമായി സമാധാന ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അവകാശപ്പെട്ടിട്ടുണ്ട്. എന്നാൽ, യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കണമെന്നുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന സമാധാന പദ്ധതി ഇറാൻ തള്ളിയിരിക്കുകയാണ്. 

ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധം ഇപ്പോൾ ഒരു മാസത്തോട് അടുക്കുമ്പോൾ, ഗൾഫ് മേഖലയിലെ സംഘർഷം കൂടുതൽ വ്യാപിക്കുന്ന സൂചനകളാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ പുതിയ വിമാനവാഹിനിയുടെ വിന്യാസം യുദ്ധത്തിന്റെ വ്യാപ്തി കൂടുമോയെന്ന ആശങ്ക ഉയർത്തുകയാണ്.