ഇറാനില്‍ നിന്ന് യു എസ് ഉടന്‍ പിന്മാറും; ഇന്ധനവില കുറയും: ജെ ഡി വാന്‍സ്

ഇറാനില്‍ നിന്ന് യു എസ് ഉടന്‍ പിന്മാറും; ഇന്ധനവില കുറയും: ജെ ഡി വാന്‍സ്


വാഷിംഗ്ടണ്‍: ഇറാനുമായുള്ള യുദ്ധത്തില്‍ യു എസ് പ്രധാന സൈനിക ലക്ഷ്യങ്ങളില്‍ ഭൂരിഭാഗവും കൈവരിച്ചതായി വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്. എന്നാല്‍ ഇറാന്‍ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് 'ഇനിയും കുറച്ച് കാലം' സൈനിക നടപടി തുടരാന്‍ ഉദ്ദേശിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംഘര്‍ഷം ദീര്‍ഘിപ്പിക്കാന്‍ വാഷിംഗ്ടണ്‍ ആഗ്രഹിക്കുന്നില്ലെന്ന് വാന്‍സ് സൂചിപ്പിച്ചെങ്കിലും യുദ്ധം താത്ക്കാലികമായി സാമ്പത്തിക ആഘാതങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചു.

തങ്ങള്‍ പിന്മാറിയതിന് ശേഷം വീണ്ടും ഇത്തരമൊരു സാഹചര്യം ദീര്‍ഘകാലം വരാതിരിക്കാന്‍ ഉറപ്പാക്കാന്‍ പ്രസിഡന്റ് കുറച്ച് കാലം കൂടി നടപടികള്‍ തുടരുമെന്നാണ് കണ്‍സര്‍വേറ്റീവ് പോഡ്കാസ്റ്റര്‍ ബെനി ജോണ്‍സനുമായി നടത്തിയ അഭിമുഖത്തില്‍ വാന്‍സ് പറഞ്ഞത്. 

ഇറാന്റെ സൈനിക ശേഷി ദുര്‍ബലപ്പെടുത്തുകയും ആണവായുധ വികസനം തടയുകയും ചെയ്യുന്നതാണ് യു എസിന്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. വളരെ ദീര്‍ഘകാലത്തേക്ക് ഇറാനെ പ്രവര്‍ത്തനക്ഷമത കുറഞ്ഞ നിലയിലാക്കുകയാണ് ലക്ഷ്യമെന്നും വാന്‍സ് പറഞ്ഞു.

യുദ്ധത്തെ തുടര്‍ന്ന് പെട്രോള്‍ വില ഉയര്‍ന്നതായി വാന്‍സ് അംഗീകരിച്ചെങ്കിലും അത് താത്ക്കാലികമാണെന്നും ഉടന്‍ കുറയുമെന്നും അദ്ദേഹം പറഞ്ഞു. ട്രംപ് ഭരണകൂടത്തിന്റെ ലക്ഷ്യം ദൗത്യം പൂര്‍ത്തിയാക്കി പിന്മാറുകയാണെന്നും ദീര്‍ഘകാല സൈനിക സാന്നിധ്യം ലക്ഷ്യമല്ലെന്നും വാന്‍സ് ആവര്‍ത്തിച്ചു. ഒന്നോ രണ്ടോ വര്‍ഷത്തിന് ശേഷം ഇറാനില്‍ തുടരാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ദൗത്യം പൂര്‍ത്തിയാക്കി ഉടന്‍ പിന്മാറുമെന്നും ഇന്ധന വിലയും പിന്നീട് കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ, യു എസ് സൈന്യം ശനിയാഴ്ച ഇറാന്റെ നാവിക ശേഷി ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. യു എസ് സെന്‍ട്രല്‍ കമാന്‍ഡ് എക്‌സില്‍ പ്രസ്താവിച്ചത് പതിറ്റാണ്ടുകളായി ഇറാന്റെ നാവിക കപ്പലുകള്‍ പ്രാദേശിക ജലങ്ങളില്‍ ആഗോള കപ്പല്‍ഗതാഗതത്തെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തുവെങ്കിലും ആ കാലഘട്ടം ഇനി അവസാനിച്ചിരിക്കുന്നു എന്നാണ്.