വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാകുന്നതിനിടെ അമേരിക്കൻ സൈനിക സാന്നിധ്യം ശക്തമാക്കി. ഏകദേശം 3,500 മറിൻസ് സൈനികർ കൂടി മേഖലയിലെത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. യുഎസ്എസ് ട്രപ്പോളി കപ്പലിലാണ് സൈന്യം എത്തിയത്.
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ഇറാനിൽ നടത്തിയ വ്യോമാക്രമണങ്ങളോടെയാണ് യുദ്ധം ആരംഭിച്ചത്. തുടർന്ന് ഇറാന്റെ പരമോന്നത നേതാവ് അലി ഖമനെയി കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ ഉണ്ടായി. ഇതിന് പിന്നാലെ ഇറാൻ ഇസ്രയേലിനെയും ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമാക്കി വ്യാപക തിരിച്ചടി തുടങ്ങി.
ഇറാൻ അനുകൂല സംഘടനകളായ ഹൂത്തി മൂവ്‌മെന്റ്, ഹിസബുള്ള എന്നിവയും യുദ്ധത്തിൽ ചേരുന്നതോടെ സംഘർഷം കൂടുതൽ വ്യാപിച്ചു. ഹോർമുസ് കടലിടുക്ക് ഇറാൻ ഉപരോധിച്ചതോടെ ആഗോള എണ്ണവിതരണത്തിലും സമ്മർദം വർധിച്ചു.
ഇതിനിടെ,യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 15 കാര്യങ്ങളടങ്ങിയ സമാധാന നിർദ്ദേശം മുന്നോട്ടുവച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.
സംഘർഷം ശമിപ്പിക്കാൻ പാകിസ്ഥാൻ മധ്യസ്ഥതയിൽ സൗദി അറേബ്യ, തുർക്കി, ഈജിപ്ത് രാജ്യങ്ങൾ തമ്മിൽ ചർച്ചകൾ നടക്കാനിരിക്കുകയാണ്. അടുത്തിടെ യുഎസ്ഇറാൻ നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്കും സാധ്യതയുണ്ടെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്.
ഇതിനിടെ, മേഖലയിൽ മിസൈൽഡ്രോൺ ആക്രമണങ്ങളും പ്രതിഷേധങ്ങളും തുടരുന്നതിനാൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.
പശ്ചിമേഷ്യയിൽ യുഎസ് സൈനിക സാന്നിധ്യം വർധിച്ചു; 3,500 മറിൻസ് എത്തി
