സൗദി എയര്‍ബേസിലെ ആക്രമണം: യു എസിന്റെ നിരീക്ഷണ വിമാനത്തിന് ഗുരുതര നാശം

സൗദി എയര്‍ബേസിലെ ആക്രമണം: യു എസിന്റെ നിരീക്ഷണ വിമാനത്തിന് ഗുരുതര നാശം


റിയാദ്: സൗദി അറേബ്യയിലെ പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ബേസിനെതിരെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ യു എസിന്റെ നിരീക്ഷണ വിമാനമായ ബോയിംഗ് ഇ-3 സെന്‍ട്രിക്ക് ഗുരുതരമായ നാശനഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ട്.

വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ എയര്‍ബോണ്‍ വാര്‍ണിംഗ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം  വിഭാഗത്തില്‍പ്പെടുന്ന വിമാനത്തിനാണ് കേടുപാടുകള്‍ സംഭവിച്ചത്. നൂറുകണക്കിന് കിലോമീറ്റര്‍ അകലെയുള്ള വിമാനങ്ങളും മിസൈലുകളും കണ്ടെത്താന്‍ കഴിയുന്ന അത്യാധുനിക റഡാര്‍ സംവിധാനമുള്ളതാണ് ഈ വിമാനം. യുദ്ധഭൂമിയിലെ സാഹചര്യം തത്സമയം കമാന്‍ഡര്‍മാര്‍ക്ക് ലഭ്യമാക്കുന്നതിലും ഇതിന് പ്രധാന പങ്കുണ്ട്.

അമേരിക്കന്‍- അറബ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ആക്രമണത്തില്‍ ഒരു ഇ3 സെന്‍ട്രി വിമാനത്തിനാണ് കേടുപാടുകളുണ്ടായത്.  ഓണ്‍ലൈനില്‍ പ്രചരിച്ച ദൃശ്യങ്ങളും വിമാനം  തകര്‍ന്നതായി കാണിക്കുന്നുണ്ട്. 

ആക്രമണത്തിന് മുമ്പ് യു എസിന് പ്രവര്‍ത്തനക്ഷമമായിരുന്ന ഇ3 സെന്‍ട്രി വിമാനങ്ങള്‍ 16 എണ്ണമാണുള്ളത്. നേരത്തെ 30 വിമാനങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് എണ്ണം കുറഞ്ഞിരുന്നു.

ഈ വിമാനങ്ങള്‍ക്ക് പകരക്കാരില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പകരമായി പരിഗണിക്കുന്ന ഇ7 വെഡ്ജ്ടെയില്‍ വിമാനത്തിന്റെ വില ഏകദേശം 700 മില്യണ്‍ ഡോളറാണെന്ന് കണക്കാക്കുന്നു.

കുറഞ്ഞത് ഒരു മിസൈലും നിരവധി ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ശനിയാഴ്ച റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 12 അമേരിക്കന്‍ സൈനികര്‍ക്ക് പരിക്കേറ്റതായും നിരവധി റിഫ്യൂവലിംഗ് വിമാനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായും വിവരമുണ്ട്.

ഫെബ്രുവരി 28ന് ആരംഭിച്ച ഇറാനുമായുള്ള യുദ്ധത്തില്‍ ഇതുവരെ 300ലധികം അമേരിക്കന്‍ സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും 13 പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.

ഇതിനിടെ, യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി ഒരു അഭിമുഖത്തില്‍ റഷ്യ എടുത്ത ഉപഗ്രഹ ചിത്രങ്ങള്‍ ആക്രമണത്തിന് മുന്‍പ് ഇറാനുമായി പങ്കുവെച്ചതായി ആരോപിച്ചു. ഇറാനെ സഹായിക്കുന്നത് റഷ്യയുടെ താത്പര്യമാണെന്നും അവര്‍ വിവരങ്ങള്‍ പങ്കിടുന്നുണ്ടെന്ന് തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ച്ച് 20, 23, 25 തിയ്യതികളില്‍ റഷ്യന്‍ ഉപഗ്രഹങ്ങള്‍ എയര്‍ബേസിന്റെ ചിത്രങ്ങള്‍ എടുത്തതായി യുക്രെയ്ന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നുവെന്നും ഇത് ആക്രമണത്തിനുള്ള തയ്യാറെടുപ്പിന്റെ സൂചനയാണെന്നും സെലന്‍സ്‌കി വ്യക്തമാക്കി.

അതേസമയം, ഈ ആരോപണങ്ങള്‍ക്ക് വ്യക്തമായ തെളിവുകള്‍ പുറത്തുവന്നിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

മാര്‍ച്ച് 14-നും ഈ എയര്‍ബേസ് ഇറാന്‍ ലക്ഷ്യമിട്ടിരുന്നു. അന്ന് യു എസ് എയര്‍ഫോഴ്‌സിന്റെ അഞ്ച് റിഫ്യൂവലിംഗ് വിമാനങ്ങള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്.