വാഷിംഗ്ടൺ:അമേരിക്ക വിസാ പരിശോധന നടപടികൾ കൂടുതൽ കർശനമാക്കി. മാർച്ച് 30 മുതൽ എച്ച്1ബി ഉൾപ്പെടെ വിവിധ വിസാ വിഭാഗങ്ങളിലെ അപേക്ഷകരുടെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങളും പരിശോധിക്കുന്ന സംവിധാനം നടപ്പിലാക്കി എന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
പുതിയ ചട്ടപ്രകാരം എച്ച്1ബി, എച്ച്4, എച്ച്3, എ3, സി3, ജി5, കെ വിഭാഗം വിസകൾക്കും, ക്യൂ, ആർ, എസ്, ടി, യു വിഭാഗങ്ങളിലെ നോൺഇമിഗ്രന്റ് വിസകൾക്കും കൂടുതൽ കർശനമായ പരിശോധന ബാധകമാകും. ഇതിനോടൊപ്പം വിദ്യാർത്ഥി, എക്‌സ്‌ചേഞ്ച് വിസകൾ (എഫ്, എം, ജെ) ഉൾപ്പെടെ മുമ്പ് കൊണ്ടുവന്ന ചട്ടങ്ങളും തുടരുന്നു.
അപേക്ഷകർ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ 'പബ്ലിക്' ആയി സജ്ജീകരിക്കേണ്ടതും നിർബന്ധമാക്കിയിട്ടുണ്ട്. കോൺസുലർ ഉദ്യോഗസ്ഥർ അപേക്ഷകരുടെ ഓൺലൈൻ പ്രവർത്തനങ്ങൾ, പോസ്റ്റുകൾ, ഡിജിറ്റൽ രേഖകൾ എന്നിവ വിശദമായി പരിശോധിക്കും. ദേശീയ സുരക്ഷക്കും പൊതുസുരക്ഷക്കും ഭീഷണിയാകാൻ സാധ്യതയുള്ളവരെ കണ്ടെത്തുന്നതിനായാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
ഇതിനൊപ്പം വിദേശ തൊഴിലാളികൾക്കുള്ള കുറഞ്ഞ വേതനം ഉയർത്താനുള്ള നിർദേശവും അമേരിക്ക പരിഗണിക്കുന്നു. എച്ച്1ബി, എച്ച്1ബി1, ഇ3, പെർമ് വിസാ പദ്ധതികളിൽ 'പ്രിവെയിലിംഗ് വേജ്' ഉയർത്തുന്നതാണ് ലക്ഷ്യം. ഇരുപത് വർഷത്തിലേറെയായി മാറ്റമില്ലാതെ തുടരുന്ന വേതനക്രമം പുതുക്കി ഉയർന്ന ശമ്പള നിരക്കുകളിലേക്ക് മാറ്റുന്നതാണ് നിർദേശം. ഇതോടെ ഓരോ ജോലിക്കും ശരാശരി 14,000 ഡോളർ വരെ വാർഷിക വേതന വർധനവുണ്ടാകാമെന്നാണ് കണക്കാക്കുന്നത്.
എച്ച്1ബി ഉൾപ്പെടെ വിസാ നടപടികൾ കർശനമാക്കി അമേരിക്ക; സോഷ്യൽ മീഡിയ പരിശോധന നിർബന്ധം
