തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ കന്നി വോട്ടര്‍മാരെ പ്രത്യേകം വരവേല്‍ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍. വോട്ട് സ്വീറ്റെന്‍ഡ് കേരള ക്യാമ്പെയിന്‍ എന്ന പേരില്‍ വേറിട്ട പദ്ധതി തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു. യുവാക്കളുടെ വോട്ടിങ് പങ്കാളിത്തം വര്‍ധിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് നീക്കം. സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫിസറാണ് ഈ സംരംഭത്തിന് രൂപം നല്‍കിയത്.
ഓരോ ജില്ലകളിലും തെരഞ്ഞെടുക്കപ്പെട്ട പോളിങ് ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തുന്ന കന്നി വോട്ടര്‍മാര്‍ക്ക് പ്രത്യേകമായി ബ്രാന്‍ഡ് ചെയ്ത ഫുല്‍വ ഹല്‍വ വിതരണം ചെയ്യും. ഇത് സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഓരോ തെരഞ്ഞെടുപ്പ് ഓഫിസിലും 200 ഹല്‍വ പാക്കറ്റുകള്‍ വീതമാവും എത്തിക്കുക.
ഹല്‍വ വിതരണം ചെയ്യേണ്ട പോളിങ് ബൂത്തുകള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ക്ക് തീരുമാനിക്കാം. പോളിങ് ബൂത്തുകളിലെ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്ക് യാതൊരു തടസവും ഉണ്ടാവാത്ത വിധം വേണം ഹല്‍വ വിതരണം ചെയ്യാനെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ കര്‍ശന നിര്‍ദേശമുണ്ട്.
