യു എസ് സൈനിക ആവശ്യങ്ങളില്‍ എതിര്‍പ്പ് പ്ര്കടിപ്പിച്ചതോടെ നേറ്റോയില്‍ ഭിന്നത

യു എസ് സൈനിക ആവശ്യങ്ങളില്‍ എതിര്‍പ്പ് പ്ര്കടിപ്പിച്ചതോടെ നേറ്റോയില്‍ ഭിന്നത


പാരീസ്: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് യു എസ് മുന്നോട്ടുവയ്ക്കുന്ന സൈനിക ആവശ്യങ്ങള്‍ക്ക് പ്രധാന യൂറോപ്യന്‍ കൂട്ടാളികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ നേറ്റോയില്‍ ഭിന്നത രൂപപ്പെട്ടു. 

ഇറ്റലിയാണ് ഈ വിഷയത്തില്‍ ഏറ്റവും പുതിയ നീക്കം നടത്തിയത്. മിഡില്‍ ഈസ്റ്റിലേക്ക് പോകുന്ന അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ക്ക് സിസിലിയിലെ സിഗൊനെല്ല എയര്‍ബേസില്‍ ഇറങ്ങാന്‍ ഇറ്റലി അനുമതി നിഷേധിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ തീരുമാനത്തിന് പിന്നിലെ കാരണം ജിയോപൊളിറ്റിക്കല്‍ ജാഗ്രത മാത്രമല്ലെന്നാണ് പറയപ്പെടുന്നത്. നിലവിലുള്ള കരാറുകള്‍ പ്രകാരം അമേരിക്ക ഇറ്റാലിയന്‍ മണ്ണിലുള്ള ബേസുകള്‍ ഉപയോഗിക്കാന്‍ നേരത്തെ അനുമതി തേടുകയും സൈനിക നേതൃത്വവുമായി ആലോചിക്കുകയും വേണം. എന്നാല്‍ അത് ചെയ്തില്ലെന്നതാണ് പ്രധാന കാരണമായി പറയുന്നത്.

സെന്റര്‍-ലെഫ്റ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇറ്റാലിയന്‍ ബേസുകളുടെ ഉപയോഗം പൂര്‍ണ്ണമായും തടയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കാരണം ഇതിലൂടെ രാജ്യം വ്യാപകമായ പ്രാദേശിക യുദ്ധത്തിലേക്ക് വലിച്ചിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. മെലോനിയുടെ സര്‍ക്കാര്‍ ഇത്തരം അഭ്യര്‍ഥനകള്‍ക്ക് പാര്‍ലമെന്റിന്റെ അനുമതി തേടുമെന്ന് പറഞ്ഞിരുന്നെങ്കിലും ഈ നിരാകരണം വാഷിംഗ്ടണോട് കൂടുതല്‍ ജാഗ്രതയോടെയും സ്വതന്ത്ര നിലപാടോടെയും സമീപിക്കുന്നതിനെ സൂചിപ്പിക്കുന്നു.

പോളണ്ടും ശക്തമായ സന്ദേശമാണ് നല്‍കുന്നത്. അമേരിക്കയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റിലേക്ക് എയര്‍ ഡിഫന്‍സ് സംവിധാനങ്ങള്‍ നല്‍കുമെന്ന അഭ്യൂഹങ്ങളെ ഉപപ്രധാനമന്ത്രി വ്‌ളാഡിസ്ലാവ് കോസിനിയാക്-കമിഷ് തള്ളിക്കളഞ്ഞു. തങ്ങളുടെ പാട്രിയറ്റ് ബാറ്ററികളും അവയുടെ ആയുധങ്ങളും പോളണ്ടിന്റെ ആകാശവും നേറ്റോയുടെ കിഴക്കന്‍ അതിര്‍ത്തിയും സംരക്ഷിക്കാനാണ് ഉപയോഗിക്കുന്നതെന്നും ഈ കാര്യത്തില്‍ യാതൊരു മാറ്റവും ഉണ്ടാകില്ലെന്നും അവയെ എവിടേക്കും മാറ്റാന്‍ തങ്ങള്‍ പദ്ധതിയിടുന്നില്ലെന്നും എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ച ഉപപ്രധാനമന്ത്രി തങ്ങളുടെ കൂട്ടാളികള്‍ക്ക് തങ്ങളുടെ ഉത്തരവാദിത്തങ്ങളുടെ പ്രാധാന്യം അറിയാമെന്നും പോളണ്ടിന്റെ സുരക്ഷയ്ക്കാണ് ഏറ്റവും മുന്‍ഗണനയെന്നും കൂട്ടിച്ചേര്‍ത്തു.

പോളണ്ടിന് ഈ വിഷയത്തില്‍ വലിയ ജാഗ്രത കൂടിയുണ്ട്. നിലവില്‍ രണ്ട് പാട്രിയറ്റ് ബാറ്ററികള്‍ മാത്രമാണ് പ്രവര്‍ത്തനക്ഷമമായത്. അവയില്‍ ഏതെങ്കിലും മാറ്റിയാല്‍ രാജ്യത്തിന്റെ എയര്‍ ഡിഫന്‍സ് ശേഷി പകുതിയായി കുറയും. റഷ്യ, ബെലാറസ്, യുക്രെയ്ന്‍ അതിര്‍ത്തികളോട് ചേര്‍ന്ന നേറ്റോയുടെ കിഴക്കന്‍ ഭാഗത്ത് സുരക്ഷാ ആശങ്കകള്‍ തുടരുന്ന സമയമാണെന്നതും പ്രാധാന്യം അര്‍ഹിക്കുന്നു. ദേശീയ സുരക്ഷയെ ഒരു സാഹചര്യത്തിലും ബാധിക്കരുതെന്നാണ് പോളണ്ടിന്റെ നിലപാട്.

ഇറാന്‍, ഇസ്രായേല്‍, അമേരിക്ക എന്നിവയുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ ശക്തമാകുന്നതോടെ പാട്രിയറ്റ് സംവിധാനങ്ങള്‍ക്ക് ആഗോളതലത്തില്‍ ആവശ്യകത വര്‍ധിച്ചിരിക്കുകയാണ്. വിതരണത്തിലെ സമ്മര്‍ദ്ദം കാരണം അമേരിക്ക കൂടുതല്‍ കൂട്ടാളികളില്‍ ആശ്രയിക്കേണ്ടിവരുന്നുണ്ടെങ്കിലും  ഈ അഭ്യര്‍ഥനകള്‍ക്ക് ഇപ്പോള്‍ എതിര്‍പ്പ് നേരിടുന്നുണ്ട്.

എന്നാല്‍അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അസന്തോഷമാണ് പ്രകടിപ്പിച്ചത്. യൂറോപ്യന്‍ കൂട്ടാളികള്‍ മതിയായ പിന്തുണ നല്‍കുന്നില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. ട്രൂത്ത് സോഷ്യലില്‍ എഴുതിയ കുറിപ്പുകളില്‍ ഫ്രാന്‍സിനെയും യുണൈറ്റഡ് കിംഗ്ഡത്തിനെയും അദ്ദേഹം വിമര്‍ശിച്ചു. ഇസ്രായേലിലേക്ക് സൈനിക സാധനങ്ങളുമായി പോകുന്ന വിമാനങ്ങള്‍ ഫ്രാന്‍സിന്റെ വ്യോമമേഖല വഴി പറക്കാന്‍ അനുവദിച്ചില്ല. 'ഇറാന്റെ കശാപ്പുകാരനെ' ഇല്ലാതാക്കുന്നതില്‍ ഫ്രാന്‍സ് വളരെ സഹായകരമായിരുന്നില്ല! അമേരിക്ക ഇത് ഓര്‍ക്കും!' എന്നാണ് അദ്ദേഹം എക്‌സില്‍ എഴുതിയത്. 

ട്രംപിന്റെ പ്രസ്താവന നേറ്റോയിലെ ഭിന്നതയെ വ്യക്തമാക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍ ആഭ്യന്തര രാഷ്ട്രീയ നിയന്ത്രണങ്ങള്‍, നിയമപരമായ ഘടനകള്‍, പ്രാദേശിക സുരക്ഷാ ആശങ്കകള്‍ എന്നിവ പരിഗണിച്ച് തീരുമാനങ്ങള്‍ എടുക്കുമ്പോള്‍, വാഷിംഗ്ടണ്‍ തന്ത്രപരമായ പ്രതീക്ഷകള്‍ മുന്നോട്ട് വയ്ക്കുകയാണ്. ഇറ്റലിയുടെ നിരാകരണം, പോളണ്ടിന്റെ തീരുമാനം, ട്രംപിന്റെ കടുത്ത പ്രതികരണം എന്നിവ ചേര്‍ന്ന് നേറ്റോ ബന്ധങ്ങളില്‍ പുതിയ ഘട്ടം രൂപപ്പെടുന്നതായി കാണിക്കുന്നു.