തെഹ്‌റാന്‍: ഇറാനിയന്‍ നേതാക്കളെ കൊലപ്പെടുത്തിയാല്‍ പശ്ചിമേഷ്യയിലും ഗള്‍ഫ് മേഖലയിലുമുള്ള അമേരിക്കന്‍ കമ്പനികളെ ലക്ഷ്യമിടുമെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ ആര്‍ ജി സി) മുന്നറിയിപ്പ് നല്‍കി. മാത്രമല്ല 18 പ്രധാന കമ്പനികളുടെ പേരുകളും ഐ ആര്‍ ജി സി പുറത്തുവിട്ടു. മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ആപ്പിള്‍, ഇന്റല്‍, ഐ ബി എം, ടെസ്ല, ബോയിംഗ്, ഡെല്‍ ടെക്‌നോളജീസ്, എച്ച് പി, സിസ്‌കോ, ഓറാക്കിള്‍, മെറ്റ, ജെപിമോര്‍ഗണ്‍ ചെയ്‌സ്, ജനറല്‍ ഇലക്ട്രിക് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഇറാനിയന്‍ വ്യക്തികളോട് നടത്തുന്ന ഏതൊരു ആക്രമണത്തിനും ഈ കമ്പനികളുടെ പ്രാദേശിക പ്രവര്‍ത്തനങ്ങളെ ലക്ഷ്യമാക്കി പ്രതികാരം ഉണ്ടാകുമെന്ന് അവര്‍ അറിയിച്ചു.
ഇറാനില്‍ നടക്കുന്ന ഓരോ ഭീകര പ്രവര്‍ത്തനത്തിനും പ്രതികാരമായി ഈ കമ്പനികള്‍ അവരുടെ സൗകര്യങ്ങളുടെ നാശം പ്രതീക്ഷിക്കണമെന്ന് പ്രസ്താവനയില്‍ പറഞ്ഞു. ഏപ്രില്‍ 1ന് തെഹ്‌റാന്‍ സമയം രാത്രി എട്ട് മണിക്ക് ശേഷം ആക്രമണങ്ങള്‍ ആരംഭിക്കാമെന്നും കൂട്ടിച്ചേര്‍ത്തു. ജീവനക്കാരോട് സുരക്ഷാ കാരണങ്ങളാല്‍ ഉടന്‍ ജോലി സ്ഥലങ്ങള്‍ വിട്ട് പോകാന്‍ നിര്‍ദ്ദേശിച്ചു. ടെക്നോളജി, എഐ കമ്പനികള്‍ ഇറാനെതിരായ പ്രവര്‍ത്തനങ്ങളുടെ പദ്ധതികളില്‍ നേരിട്ട് പങ്കാളികളാണെന്ന് ഐ ആര്‍ ജി സി ആരോപിക്കുകയും അതിനാല്‍ അവയെ നിയമാനുസൃത ലക്ഷ്യങ്ങളായി കണക്കാക്കുന്നതായും വ്യക്തമാക്കി.
ഇറാന്റെ സായുധസേനയുടെ ജനറല്‍ സ്റ്റാഫിലെ ബജറ്റ്, സാമ്പത്തിക കാര്യങ്ങളുടെ മേധാവിയായ ബ്രിഗേഡിയര്‍ ജനറല്‍ ജംഷീദ് ഈഷാഖി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടൊപ്പം അമേരിക്ക- ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് ഈ മുന്നറിയിപ്പുണ്ടായത്. ഐ ആര്‍ ജി സിയുടെ കമാന്‍ഡര്‍-ഇന്‍-ചീഫ് അഹ്മദ് വാഹിദി, ഇറാന്റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതില്‍ ഈഷാഖിയുടെ സംഭാവനകളെ പ്രശംസിച്ചു.
2025-ല്‍ അമേരിക്ക ഈഷാഖിയെ ചൈനയിലേക്ക് എണ്ണ കയറ്റുമതി വഴിതിരിച്ചുവിടുന്നതിനും ഹിസ്ബുള്ള, ഹമാസ്, ഹൂത്തികള്‍ തുടങ്ങിയ പ്രാദേശിക കൂട്ടായ്മകള്‍ക്ക് ധനസഹായം നല്‍കിയതിനുമുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഉപരോധിച്ചിരുന്നു.
സമീപകാലങ്ങളില്‍ ശക്തിപ്രാപിച്ച സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യുന്ന മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥരില്‍ ഏറ്റവും പുതിയ ആളാണ് ഈഷാഖി. ഇതിനകം തന്നെ നിരവധി പ്രമുഖര്‍ക്ക് ഈ സംഘര്‍ഷത്തില്‍ ജീവന്‍ നഷ്ടപ്പെടുത്തിയിട്ടുണ്ട്.
