ബുദ്ധിയുണ്ടെങ്കില്‍ ഇറാന്‍ കരാറിലേര്‍പ്പെടുമെന്ന് ഹെഗ്‌സത്ത്; തെഹ്‌റാനില്‍ ഭരണമാറ്റം സംഭവിച്ചെന്നും അവകാശവാദം

ബുദ്ധിയുണ്ടെങ്കില്‍ ഇറാന്‍ കരാറിലേര്‍പ്പെടുമെന്ന് ഹെഗ്‌സത്ത്; തെഹ്‌റാനില്‍ ഭരണമാറ്റം സംഭവിച്ചെന്നും അവകാശവാദം


വാഷിംഗ്ടണ്‍: ഇറാന് ബുദ്ധിയുണ്ടെങ്കില്‍ കരാറില്‍ ഏര്‍പ്പെടുമെന്നും തെഹ്‌റാനില്‍ ഭരണമാറ്റം സംഭവിച്ചതായും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സത്ത്. തെഹ്‌റാന്‍ കരാറില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ യുദ്ധം കൂടുതല്‍ തീവ്രമായി തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 

ഇപ്പോള്‍ ആരും ആഗ്രഹിക്കാത്ത ജോലി ഐ ആര്‍  ജി സിയുടെ നേതൃത്വവും ഇറാനിയന്‍ ഭരണകൂടത്തിലെ ഉയര്‍ന്ന പദവിയുമാണെന്നും അദ്ദേഹം പറഞ്ഞു. കാരണമായി പശ്ചിമേഷ്യയിലെ യുദ്ധം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോള്‍ അമേരിക്കന്‍ സൈന്യം തെഹ്‌റാനില്‍ നടത്തിയ ആക്രമണങ്ങളില്‍ നിരവധി മുതിര്‍ന്ന നേതാക്കളാണ് കൊല്ലപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാനിയന്‍ ഭരണകൂടത്തെ പുതിയ ഭരണകൂടം എന്നു വിശേഷിപ്പിച്ച ഹെഗ്‌സത്ത് വാരാന്ത്യത്തില്‍ പശ്ചിമേഷ്യയിലേക്ക് അപ്രഖ്യാപിത യാത്ര നടത്തിയതായും സൈനിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ സൈനികരെ സന്ദര്‍ശിച്ചതായും പറഞ്ഞു. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ അദ്ദേഹം സന്ദര്‍ശിച്ച സ്ഥലത്തെക്കുറിച്ച് വെളിപ്പെടുത്താന്‍ വിസമ്മതിച്ചു.

പ്രസ്തുത യാത്ര ബഹുമതിയായിരുന്നുവെന്നും അമേരിക്കയുടെ മികച്ചതാണ് താന്‍ കണ്ടതെന്നും  പീറ്റ് ഹെഗ്‌സത്ത് പറഞ്ഞു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറാനില്‍ നിന്നുള്ള മിസൈലുകളുടെ എണ്ണത്തില്‍ വളരെ കുറവുണ്ടായതായും അമേരിക്ക ഇറാന്റെ പിന്തുണാ അടിസ്ഥാന സൗകര്യങ്ങളും മിസൈല്‍, ഡ്രോണ്‍ സംവിധാനങ്ങളും തകര്‍ത്തതോടെ തെഹ്‌റാന് ആയുധങ്ങള്‍ പ്രയോഗിക്കാനുള്ള ശേഷി ദുര്‍ബലമായതായും അദ്ദേഹം അവകാശപ്പെട്ടു.

വരാനിരിക്കുന്ന ദിവസങ്ങള്‍ നിര്‍ണായകമായിരിക്കുമെന്നും ഇറാന് അത് അറിയാമെന്നും സൈനികമായി അവര്‍ക്ക് ചെയ്യാനാകുന്ന കാര്യങ്ങള്‍ വളരെ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനും പുരോഗതി കൈവരിക്കുന്നതിനും ശ്രമങ്ങള്‍ നടക്കുന്നതായി ഹെഗ്‌സത്ത് അറിയിച്ചു.