ടെൽ അവിവ്: ദക്ഷിണ ലെബനനിൽ യു.എൻ സമാധാനസേനാംഗങ്ങൾ കൊല്ലപ്പെട്ട സ്‌ഫോടനത്തിൽ പങ്കില്ലെന്ന് ഇസ്രയേൽഡിഫൻസ് ഫോഴ്‌സ് (ഐ ഡി എഫ്) വ്യക്തമാക്കി. രണ്ട് ഇൻഡോനേഷ്യൻ സമാധാനസേനാംഗങ്ങൾ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവമാണ് വിവാദമായത്.
ബാനി ഹയ്യാൻ പ്രദേശത്തിന് സമീപം സൈനിക വാഹനവ്യൂഹത്തെ ലക്ഷ്യമിട്ട് റോഡരികിൽ സ്ഥാപിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് ദുരന്തം നടന്നതെന്ന് ലെബനനിലെ യുഎൻ സമാധാന സേന (യൂനിഫിൽ)യുടെ പ്രാഥമിക റിപ്പോർട്ടിൽ, വ്യക്തമാക്കുന്നു.
അതേസമയം 'ആ പ്രദേശത്ത് സ്‌ഫോടക വസ്തു സ്ഥാപിച്ചിട്ടില്ല, സൈനികരും ഉണ്ടായിരുന്നില്ല' എന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ഹിസ്ബുല്ല കേന്ദ്രങ്ങളെയാണ് ആക്രമിക്കുന്നതെന്നും, യുദ്ധമേഖലകൾ ഒഴിവാക്കണമെന്ന് യൂണിഫിലിനോട് നിർദേശിക്കുകയും ചെയ്തു.
ഇതിനിടെ, ബെയ്‌റൂട്ട് നഗരത്തിൽ ശക്തമായ വ്യോമാക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. ഹിസ്ബുല്ല നേതാക്കളെ ലക്ഷ്യമിട്ട് രണ്ട് വ്യത്യസ്ത ആക്രമണങ്ങൾ നടത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു.
തെക്കൻ ബെയ് റൂട്ടിലെ ജ്‌നാഹ് മേഖലയിൽ നിന്നു പുക ഉയരുന്നതും ശക്തമായ സ്‌ഫോടനങ്ങളുമുണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു ഡ്രോൺ ആക്രമണത്തിൽ ഒരു വാഹനം തകർത്തതായും ലെബനൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലെബനൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, തെക്കൻ മേഖലയിൽ നടന്ന ഇസ്രയേൽ ആക്രമണങ്ങളിൽ എട്ട് പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ ഒരു പാരാമെഡിക്കും ഉൾപ്പെടുന്നു.
യു.എൻ സമാധാനസേനാ അംഗങ്ങള്‍ കൊല്ലപ്പെട്ട സ്‌ഫോടനം: ഉത്തരവാദിത്വം നിഷേധിച്ച് ഇസ്രയേൽ
