വാഷിംഗ്ടൺ: അമേരിക്ക ഇറാനിലെ സൈനിക പ്രവർത്തനം ഉടൻ അവസാനിപ്പിക്കുമെന്ന് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. രണ്ടാഴ്ചയ്ക്കുള്ളിലോ അതിൽ കുറച്ച് ദിവസങ്ങൾക്കുള്ളിലോ ദൗത്യം പൂർത്തിയാക്കാനാകുമെന്ന് ട്രംപ് പറഞ്ഞു.
'ഇറാനിൽ നിന്ന് പുറത്തുകടന്നാൽ അവിടെ സ്ഥിതി തകരും' എന്നും, 'നാം ദൗത്യം പൂർത്തിയാക്കുകയാണ്' എന്നും വൈറ്റ് ഹൗസിൽ നടത്തിയ പ്രസംഗത്തിൽ,അദ്ദേഹം വ്യക്തമാക്കി. ഇറാനുമായി കരാർ ഉണ്ടാകുമോ എന്നത് അമേരിക്കയുടെ പിന്മാറ്റത്തിന് നിർണായകമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, ഇറാനെതിരായ സംയുക്ത സൈനിക നീക്കം മിഡിൽ ഈസ്റ്റിന്റെ രൂപം തന്നെ മാറ്റിയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു അവകാശപ്പെട്ടു. മറുവശത്ത്, യുദ്ധം അവസാനിപ്പിക്കാൻ തയാറാണെങ്കിലും ഭാവിയിൽ വീണ്ടും സംഘർഷം ഉണ്ടാകില്ലെന്ന ഉറപ്പ് വേണമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാൻ വ്യക്തമാക്കി.
പ്രധാന എണ്ണ ഗതാഗത മാർഗമായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ഇന്ധനവില ഉയർന്ന സാഹചര്യത്തിൽ, മറ്റ് രാജ്യങ്ങൾ സ്വന്തം എണ്ണ അവർ തന്നെ കണ്ടെത്തണമെന്നും ട്രംപ് പ്രതികരിച്ചു. 'അമേരിക്ക ഇനി സഹായിക്കാൻ ഉണ്ടാകില്ല' എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
യുദ്ധം ആരംഭിച്ച ഫെബ്രുവരി 28 മുതൽ മേഖലയിൽ വ്യാപകമായ നാശനഷ്ടങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വരാനിരിക്കുന്ന ദിവസങ്ങൾ നിർണായകമാകുമെന്ന് പീറ്റ് ഹെഗ്‌സത്ത് വ്യക്തമാക്കി.
അതേസമയം, അമേരിക്കയുമായി നേരിട്ട് ചർച്ചകൾ നടക്കുന്നതല്ലെന്നും, എന്നാൽ സന്ദേശങ്ങൾ കൈമാറുന്നുണ്ടെന്നും ഇറാന്റെ വിദേശകാര്യ മന്ത്രി അറിയിച്ചു. സാഹചര്യം വഷളാകാതിരിക്കാനുള്ള നീക്കങ്ങൾ ഇരുവിഭാഗവും തുടരുകയാണ്.
'ഇറാനിൽ നിന്ന് ഉടൻ പിന്മാറും': കരാറില്ലെങ്കിലും നടപടി പൂർത്തിയാക്കുമെന്ന് ട്രംപ്
