കൊച്ചി: ഇന്ത്യന്‍ ഹോക്കി ടീമിന്റെ മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷ് വിരമിക്കല്‍ പ്രഖ്യാപിച്ചു. പാരിസ് ഒളിംപിക്‌സിനു ശേഷം അന്താരാഷ്ട്ര മത്സരരംഗത്തുണ്ടാകില്ലെന്നാണ് എക്‌സില്‍ അദ്ദേഹം കുറിച്ചത്.
ഒരു പതിറ്റാണ്ടിലേറെ കാലമുള്ള അന്താരാഷ്ട്ര കരിയറില്‍ ശ്രീജേഷ് 328 മത്സരങ്ങളിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയാണ് ശ്രീജേഷ്. മൂന്ന് ഒളിംപിക്‌സുകളിലും കോമണ്‍വെല്‍ത്ത് ഗെയിംസുകളിലും ലോകകപ്പുകളിലും ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ചു.
കരിയറില്‍ ഉടനീളം പിന്തുണ നല്‍കിയ കുടുംബത്തിനും സഹതാരങ്ങള്‍ക്കും പരിശീലകര്‍ക്കും ആരാധകര്‍ക്കും മുപ്പത്താറുകാരന്‍ നന്ദി പറഞ്ഞു. ജി വി രാജാ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ തുടങ്ങിയ കായിക ജീവിതത്തെക്കുറിച്ചും ട്വീറ്റില്‍ ശ്രീജേഷ് വിശദീകരിക്കുന്നുണ്ട്. വീട്ടിലെ പശുവിനെ വിറ്റാണ് ആദ്യത്തെ ഹോക്കി കിറ്റ് വാങ്ങിത്തന്നതെന്നും അദ്ദേഹം ഇതില്‍ അനുസ്മരിക്കുന്നു.
2010 ലോകകപ്പിലായിരുന്നു ഇന്ത്യന്‍ ജെഴ്‌സിയില്‍ ശ്രീജേഷിന്റെ അരങ്ങേറ്റം. 2014ലെ ഏഷ്യന്‍ ഗെയിംസിലും 2018ലെ ഏഷ്യാഡിലും സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. 2020ലെ ടോക്യോ ഒളിംപിക്‌സില്‍ ശ്രീജേഷ് ഉള്‍പ്പെട്ട ഇന്ത്യന്‍ ടീം വെങ്കലവും നേടി. ഇതാണ് തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമായി ശ്രീജേഷ് കണക്കാക്കുന്നത്.
2012ല്‍ ഓസ്‌ട്രേലിയ വേദിയൊരുക്കിയ ഒളിംപിക്‌സിലെ എല്ലാ മത്സരങ്ങളും തോറ്റത് വലിയൊരു വഴിത്തിരിവായിരുന്നു എന്നും അദ്ദേഹം അനുസ്മരിക്കുന്നു.
