നാഗ്പുര്‍: രഞ്ജിട്രോഫി വിദര്‍ഭ- കേരളം ഫൈനല്‍ സമനിലയില്‍. എങ്കിലും ഒന്നാം ഇന്നിംഗ്‌സിലെ 37 റണ്‍സിന്റെ ബലത്തില്‍ വിദര്‍ഭ ചാംപ്യന്‍മാരായി. മൂന്നാം വട്ടമാണ് വിദര്‍ഭ ചാംപ്യന്‍മാരാകുന്നത്.
അഞ്ചാം ദിവസം വിദര്‍ഭയുടെ രണ്ടാമിന്നിങ്‌സ് സ്‌കോര്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 375 റണ്‍സ് എന്ന നിലയിലെത്തിയപ്പോഴാണ് മത്സരം സമനിലയില്‍ അവസാനിപ്പിക്കാന്‍ ധാരണയായത്. ഈ സമയം അവര്‍ക്ക് 412 റണ്‍സിന്റെ ഓവറോള്‍ ലീഡുണ്ടായിരുന്നു. 30 ഓവറുകളില്‍ താഴെ മാത്രം ശേഷിക്കെ മത്സരത്തിനു ഫലമുണ്ടാകില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് സമനിലയില്‍ അവസാനിപ്പിച്ചത്.
അവസാന ദിവസം രാവിലെ തന്നെ വിദര്‍ഭയ്ക്ക് കരുണ്‍ നായരുടെ വിക്കറ്റ് നഷ്ടമായി. ആദിത്യ സര്‍വാതെയുടെ പന്തില്‍ കരുണ്‍ നായരെ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസറുദ്ദീന്‍ സ്റ്റമ്പ് ചെയ്യുകയായിരുന്നു. തലേന്നത്തെ സ്‌കോറായ 132 റണ്‍സിനോട് മൂന്ന് റണ്‍സ് കൂടിയേ കരുണിന് കൂട്ടിച്ചേര്‍ക്കാനായുള്ളൂ. ആദ്യ ഇന്നിങ്‌സില്‍ 86 റണ്‍സും നേടിയിരുന്നു.
പിന്നാലെ അക്ഷയ് വഡ്കര്‍ (25), ഹര്‍ഷ് ദുബെ (4) എന്നിവരുടെ വിക്കറ്റ് കൂടി വീണപ്പോള്‍ കേരളത്തിനു നേരിയ പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ, അക്ഷയ് കര്‍നേവാര്‍ (31), ദര്‍ശന്‍ നല്‍കണ്ഡെ (51 നോട്ടൗട്ട്) എന്നിവര്‍ ചെറുത്തു നിന്നു. കര്‍നേവാറും നചികേത് ഭൂടെയും (3) കൂടി പുറത്തായ ശേഷം പതിനൊന്നാം നമ്പര്‍ ബാറ്റര്‍ യാഷ് ഠാക്കൂര്‍ 29 പന്ത് പ്രതിരോധിച്ചതോടെ മത്സരം സമനിലയില്‍ അവസാനിപ്പിക്കുകയും ചെയ്തു.
ഒന്നാം ഇന്നിങ്‌സില്‍ വിദര്‍ഭയെ കേരളം 379 റണ്‍സിന് പുറത്താക്കിയിരുന്നു. ഡാനിഷ് മലേവാറിന്റെ സെഞ്ച്വറിയാണ് വിദര്‍ഭയ്ക്ക് കരുത്തേകിയത്. മറുപടി ബാറ്റിങ്ങില്‍ കേരളം 342 റണ്‍സിന് പുറത്തായി. 37 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ വിദര്‍ഭയ്ക്ക് പിന്നീട് ഏഴ് റണ്‍സിനിടെ രണ്ടു വിക്കറ്റ് നഷ്ടമായെങ്കിലും കരുണ്‍ നായരും മലേവറും ചേര്‍ന്നാണ് ടീമിനെ മുന്നോട്ട് നയിച്ചത്.