ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഇനി എംഎസ് ധോനി തന്നെ നയിക്കും

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഇനി എംഎസ് ധോനി തന്നെ നയിക്കും


ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഇനി എംഎസ് ധോനി തന്നെ നയിക്കും. ടീമിന്റെ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ് പരിക്കേറ്റ് പുറത്തായി. താരത്തിനു സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കാന്‍ സാധിക്കില്ലെന്നു ടീം വ്യക്തമാക്കി. പിന്നാലെയാണ് മുന്‍ നായകന്‍ കൂടിയായ തല വീണ്ടും നയകന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്തത്. പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങാണ് തലയുടെ നായക സ്ഥാനത്തേക്കുള്ള തിരിച്ചു വരവ് സ്ഥിരീകരിച്ചത്.

മുന്‍ ചാംപ്യന്‍മാരായ ചെന്നൈ നിലവില്‍ പോയിന്റ് പട്ടികയില്‍ 9ാം സ്ഥാനത്താണ്. 5 കളിയില്‍ നിന്നു ഒരു ജയം മാത്രമാണ് അവര്‍ക്കുള്ളത്. തുടരെ നാല് മത്സരങ്ങളാണ് തോറ്റത്.

2023ല്‍ ഗുജറാത്ത് ടൈറ്റന്‍സിനെ വീഴ്ത്തി ചെന്നൈ അവരുടെ അഞ്ചാം ഐപിഎല്‍ കിരീടം ഉയര്‍ത്തുമ്പോള്‍ ധോനിയായിരുന്നു ടീമിനെ നയിച്ചത്. പിന്നീട് 2024 സീസണ്‍ മുതല്‍ താരം ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു മാറി. പിന്നാലെയാണ് ഋതുരാജ് ഗെയ്ക്‌വാദ് നായകനായത്. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയ ക്യാപ്റ്റനാണ് ധോനി. 226 മത്സരങ്ങളില്‍ നേരത്തെ ടീമിനെ നയിച്ച ധോനി ടീമിനെ 133 വിജയങ്ങളിലേക്ക് എത്തിച്ചു.

ക്യാപ്റ്റന്‍ സ്ഥാനത്ത് വലിയ നേട്ടങ്ങള്‍ ടീമിനൊപ്പം അവകാശപ്പെടാന്‍ ഋതുരാജിനില്ല. കഴിഞ്ഞ സീസണില്‍ ടീം പ്ലേ ഓഫ് എത്താതെ പുറത്തായിരുന്നു. ഇത്തവണ തുടരെ നാല് മത്സരങ്ങള്‍ തോറ്റു. ശേഷിക്കുന്ന മത്സരങ്ങളില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് നിലവില്‍ സിഎസ്‌കെ ടീം.