ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പീറ്റര്‍ എല്‍ബേഴ്‌സ് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രാജിവെച്ചതെന്ന് കമ്പനി അറിയിച്ചു.
ആയിരക്കണക്കിന് യാത്രക്കാരെ ബാധിച്ച വന്‍ വിമാന റദ്ദാക്കലുകള്‍ നടന്നു മാസങ്ങള്‍ക്കു ശേഷമാണ് രാജി.
പുതിയ സി ഇ ഒയെ നിയമിക്കുന്നതുവരെ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ രാഹുല്‍ ഭാട്ടിയ കമ്പനിയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചു. ഇന്‍ഡിഗോയുടെ മാതൃകമ്പനിയായ ഇന്റര്‍ഗ്ലോബ് ഏവിയേഷനില്‍ 2025 ഡിസംബര്‍ നിലവാരത്തില്‍ 35.69 ശതമാനം ഓഹരിയോടെ ഭാട്ടിയയുടെ ഇന്റര്‍ഗ്ലോബ് എന്റര്‍പ്രൈസസ് ഏറ്റവും വലിയ ഓഹരി ഉടമയാണ്.
ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വിമാന ഗതാഗത വിപണിയായ ഇന്ത്യയില്‍ മത്സരക്കുറവിനെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തി ഡിസംബര്‍ ആദ്യവാരങ്ങളില്‍ ഇന്‍ഡിഗോ ഏകദേശം 4,500 വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.
സര്‍ക്കാര്‍ നടപ്പിലാക്കിയ കര്‍ശനമായ പുതിയ ചട്ടങ്ങള്‍ പാലിക്കാന്‍ ആവശ്യമായ രീതിയില്‍ സമയബന്ധിതമായി ഡ്യൂട്ടി ക്രമീകരണങ്ങള്‍ നടത്താനാകാത്തതിനെ തുടര്‍ന്ന് യാത്രക്കാരോട് കമ്പനി ക്ഷമാപണം നടത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം ന്യൂഡല്‍ഹിയില്‍ നടന്ന ആഗോള വിമാനക്കമ്പനികളുടെ സമ്മേളനത്തില്‍, ആതിഥേയ വിമാനക്കമ്പനിയെന്ന നിലയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടൊപ്പം വേദി പങ്കിട്ടിരുന്നു പീറ്റര്‍ എല്‍ബേഴ്‌സ്.
