ലാഹോർ: പാക്കിസ്ഥാനിലെ ലാഹോറിൽ ലഷ്‌കറെ തയിബയുടെ സഹസ്ഥാപകനായ ഭീകരൻ ആമിർ ഹംസയ്ക്ക് അജ്ഞാതരുടെ വെടിയേറ്റു. ഒരു മാധ്യമ സ്ഥാപനത്തിന്റെ ഓഫിസിന് പുറത്തുവെച്ചാണ് ആക്രമണം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഹംസയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ രണ്ടാമത്തെ തവണയാണ് ഹംസയ്ക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. കഴിഞ്ഞ മേയിൽ ലാഹോറിലെ വസതിയിൽവച്ചും ഇയാൾക്ക് നേരെ ആക്രമണമുണ്ടായിരുന്നു. തുടർന്ന് പാക്കിസ്ഥാൻ അധികൃതർ സുരക്ഷ ശക്തമാക്കിയിരുന്നു.
1959ൽ പാകിസ്ഥാൻ പഞ്ചാബിലെ ഗുജ്‌രൻവാലയിൽ ജനിച്ച ഹംസ, 1980കളിൽ ഹാഫിസ് സയീദുമായി ചേർന്ന് ലഷ്‌കറെ തയിബ സ്ഥാപിച്ചു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നടന്ന നിരവധി ഭീകരാക്രമണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് ആരോപണം.
സംഘടനയിലെ രണ്ടാമത്തെ പ്രധാന നേതാവായാണ് ഹംസയെ കണക്കാക്കുന്നത്. അമേരിക്ക ഇയാളെ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2005ൽ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസിൽ നടന്ന ആക്രമണത്തിലും ഹംസയ്ക്ക് ബന്ധമുണ്ടെന്ന റിപ്പോർട്ടുകളുണ്ട്.
അതേസമയം, 2018 മുതൽ ലഷ്‌കറെ തയിബയുമായി ഹംസ അകന്നിരുന്നുവെന്ന സൂചനകളും പാക്കിസ്ഥാൻ മാധ്യമങ്ങൾ നൽകിയിട്ടുണ്ട്. പുതിയ ആക്രമണത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചു.
ലാഹോറിൽ ഭീകരന് നേരെ വെടിവെപ്പ്; ലഷ്‌കറെ തയിബ സഹസ്ഥാപകൻ ആമിർ ഹംസ ഗുരുതരാവസ്ഥയിൽ
