ഹോങ്കോങ്ങ് : മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയ്ക്കിടയിലും ചൈനയുടെ സാമ്പത്തിക വളർച്ചയ്ക്ക് വേഗത കൂടിയതായി ഔദ്യോഗിക കണക്കുകൾ. ഈ വർഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളിൽ ചൈനയുടെ ജിഡിപി വളർച്ച 5 ശതമാനമായി ഉയർന്നതായി ദേശീയ സ്ഥിതിവിവര കണക്കു വകുപ്പ് അറിയിച്ചു. കഴിഞ്ഞ വർഷത്തിന്റെ അവസാന പാദത്തിലെ 4.5 ശതമാനത്തിൽ നിന്നാണ് ഈ ഉയർച്ച.
അമേരിക്കയും ഇസ്രയേലും ചേർന്ന് ഫെബ്രുവരി അവസാനം ഇറാനെതിരെ സൈനിക നീക്കം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ പ്രധാന സാമ്പത്തിക കണക്കാണിത്. ആഗോള വ്യാപാരത്തെയും ഊർജവിപണിയെയും ബാധിച്ച സാഹചര്യത്തിലും ചൈന മികച്ച തുടക്കം കുറിച്ചെന്നാണ് വിലയിരുത്തൽ.
2026ലെ ആദ്യ രണ്ടു മാസങ്ങളിൽ കയറ്റുമതി ശക്തമായത് വളർച്ചയ്ക്ക് പിന്തുണയായി. എന്നാൽ മിഡിൽ ഈസ്റ്റ് സംഘർഷവും ഊർജ പ്രതിസന്ധിയും ആഗോള ആവശ്യകതയെ ബാധിക്കുമെന്ന ആശങ്ക തുടരുകയാണ്.
ദേശീയ സ്ഥിതിവിവര കണക്കു വകുപ്പ് ഈ വളർച്ചയെ 'മികച്ച തുടക്കം' എന്ന് വിശേഷിപ്പിച്ചെങ്കിലും, ആഭ്യന്തരവും അന്താരാഷ്ട്രവുമായ വെല്ലുവിളികൾ മുന്നിലുണ്ടെന്ന് മുന്നറിയിപ്പും നൽകി. രാജ്യത്തിനുള്ളിൽ വിതരണ ശേഷി ശക്തമായിരിക്കുമ്പോഴും ആവശ്യകത കുറഞ്ഞ നിലയിലാണ് തുടരുന്നതെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
ഇതിനിടെ, ആഗോള സാമ്പത്തിക നിലയെക്കുറിച്ച് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ആശങ്ക പ്രകടിപ്പിച്ചു. എണ്ണ വിതരണ കുറവ് ഈ വർഷം ലോക സാമ്പത്തിക വളർച്ചയെ ബാധിക്കാമെന്നാണ് ഐഎംഎഫ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ഇറാൻ യുദ്ധം മൂലമുണ്ടായ ഊർജ പ്രതിസന്ധി ലോക സമ്പദ്‌വ്യവസ്ഥയെ മുഴുവൻ ബാധിക്കുന്നതിനിടെ, ചൈനയുടെ വളർച്ചാ കണക്കുകൾ ആ പ്രതിസന്ധിയുടെ പ്രതിഫലനം വ്യക്തമാക്കുന്നതായി വിലയിരുത്തപ്പെടുന്നു.
ഇറാൻ യുദ്ധത്തിനിടയിലും ചൈനയുടെ ജിഡിപി വളർച്ച 5%; ഭാവി അനിശ്ചിതമെന്ന് മുന്നറിയിപ്പ്
