അസിം മുനീറിന്റെ നേതൃത്വത്തിലുള്ള പാക് പ്രതിനിധി സംഘം സമാധാന ചര്‍ച്ചകള്‍ക്ക് തെഹ്റാനിലെത്തി

അസിം മുനീറിന്റെ നേതൃത്വത്തിലുള്ള പാക് പ്രതിനിധി സംഘം സമാധാന ചര്‍ച്ചകള്‍ക്ക് തെഹ്റാനിലെത്തി


തെഹ്‌റാന്‍: യു എസും ഇറാനും തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കാനുള്ള ഇസ്ലാമാബാദിന്റെ ശ്രമങ്ങളുടെ ഭാഗമായി കരസേനാ മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാന്‍ പ്രതിനിധി സംഘം തെഹ്റാനില്‍ എത്തി.

ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി ഉള്‍പ്പെടുന്ന  പ്രതിനിധി സംഘത്തില്‍ മുനീറും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് പ്രസ്താവനയില്‍ പറഞ്ഞു.

തെഹ്റാനില്‍ എത്തിയ പാക് സംഘത്തെ ഇറാനിയന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി സ്വാഗതം ചെയ്തതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സൗദി അറേബ്യ, ഖത്തര്‍, തുര്‍ക്കിയെ എന്നിവിടങ്ങളിലേക്ക് ഔദ്യോഗിക സന്ദര്‍ശനത്തിന് പുറപ്പെട്ടിരുന്നു. 

അടുത്ത ഘട്ട ചര്‍ച്ചകള്‍ക്ക് മുമ്പ് ആവശ്യമായ ഭരണപരവും സുരക്ഷാപരവുമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ പാകിസ്ഥാനിലെ ഉദ്യോഗസ്ഥര്‍ക്കും സുരക്ഷാ ഏജന്‍സികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് സ്രോതസ്സുകളെ ഉദ്ധരിച്ച് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഇറാനുമായുള്ള രണ്ടാം ഘട്ട ചര്‍ച്ചകള്‍ 'അടുത്ത രണ്ട് ദിവസത്തിനുള്ളില്‍' ഇസ്ലാമാബാദില്‍ നടക്കുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

നിലവിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ യു എസും ഇറാനും ഒരു കരാറിലെത്താന്‍ സഹായിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് സന്ദര്‍ശനങ്ങള്‍.

സംഘര്‍ഷം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വാരാന്ത്യത്തില്‍ യു എസും ഇറാനും പാകിസ്ഥാനില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ നടത്തിയെങ്കിലും കരാറിലെത്താതെ അവസാനിക്കുകയായിരുന്നു. 

തെഹ്റാന്‍ ആണവ പരിപാടി ഉപേക്ഷിക്കാത്തത് പ്രധാന തടസ്സങ്ങളിലൊന്നാണെന്ന് ചൂണ്ടിക്കാട്ടി ചര്‍ച്ചകള്‍ കരാറിലെത്തുന്നതില്‍ പരാജയപ്പെട്ടുവെന്ന് അമേരിക്കന്‍ പ്രതിനിധി സംഘത്തെ നയിച്ച യു എസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് പറഞ്ഞു.

എന്നാല്‍ അമേരിക്കന്‍ പക്ഷത്തിന്റെ 'അമിതമായ ആവശ്യങ്ങള്‍' മൂലമാണ് ഇസ്ലാമാബാദ് ചര്‍ച്ചകള്‍ പരാജയപ്പെട്ടതെന്ന് ഇറാന്‍ പറഞ്ഞു.

മാരത്തണ്‍ സമാധാന ചര്‍ച്ചകളില്‍ തന്റെ രാജ്യത്തെ പ്രതിനിധി സംഘത്തെ നയിച്ച ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് തന്റെ ടീം 'ഭാവിയിലേക്ക് നോക്കുന്ന സംരംഭങ്ങള്‍ ഉയര്‍ത്തിയെങ്കിലും ചര്‍ച്ചകളില്‍ ഇറാനിയന്‍ പ്രതിനിധി സംഘത്തിന്റെ വിശ്വാസം നേടുന്നതില്‍ എതിര്‍ പക്ഷം പരാജയപ്പെട്ടു' എന്ന് പറഞ്ഞു.

ചര്‍ച്ചയുടെ അടുത്ത തലം വരും ദിവസങ്ങളിലുണ്ടാകുമെന്നും അതിനായി പാകിസ്ഥാന്‍ ശ്രമങ്ങള്‍ നടത്തിവരികയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.