ന്യൂഡല്‍ഹി: ഡീലിമിറ്റേഷന്‍ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്ത്യാ ബ്ലോക്ക് നേതാക്കള്‍ പൂര്‍ത്തിയാക്കിയതായും ബില്ലിനെ എതിര്‍ക്കാന്‍ ഗ്രൂപ്പ് 'ഐക്യകണ്ഠമായി' തീരുമാനിച്ചതായും രാജ്യസഭയിലെ പ്രതിപക്ഷ നേതാവും അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
2010ലും 2023ലും കോണ്‍ഗ്രസ് പിന്തുണച്ച വനിതാ സംവരണ ബില്ലിനെ പാര്‍ലമെന്റ് ഏകകണ്ഠമായി പാസാക്കിയതായും വനിതാ സംവരണ ബില്ലിന് പ്രതിപക്ഷ പാര്‍ട്ടികള്‍ എതിരല്ലെന്നും ഖാര്‍ഗെ ആവര്‍ത്തിച്ചു.
ലോക്‌സഭാ സീറ്റുകള്‍ 50 ശതമാനം വര്‍ധിപ്പിക്കുമെന്നാണ് ബില്‍ പറയുന്നത്. നിലവിലെ അനുപാതം നിലനിര്‍ത്തിക്കൊണ്ട് ഓരോ സംസ്ഥാനത്തിന്റെയും അംഗസംഖ്യ വര്‍ധിപ്പിക്കുമെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാനത്തിന്റെ ആനുപാതിക ശക്തി നിലനിര്‍ത്തുന്നതിനുള്ള വ്യവസ്ഥകളൊന്നും ബില്ലുകളില്‍ ഇല്ല. പല സംസ്ഥാനങ്ങള്‍ക്കും ലോക്‌സഭയില്‍ പ്രാതിനിധ്യം നഷ്ടപ്പെടുകയും ചെയ്യും.
2011ലെ സെന്‍സസ് പ്രകാരം വനിതാ സംവരണ നിയമത്തെ അതിര്‍ത്തി നിര്‍ണ്ണയ പ്രക്രിയയുമായും നിരവധി സംസ്ഥാന നിയമസഭകളിലെ സീറ്റുകളുടെ വര്‍ധനവുമായും ബന്ധിപ്പിക്കുന്നതിനെ നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍ക്കുന്നുണ്ട്. കൂടാതെ ഭരണകക്ഷിയായ എന്‍ ഡി എ നിയമത്തിന്മേല്‍ രാഷ്ട്രീയം കളിക്കുകയാണെന്നും ആരോപിച്ചു.
തങ്ങള്‍ ബില്ലിനെ എതിര്‍ക്കുന്നുവെന്നും ബില്ലിനെതിരെ വോട്ട് ചെയ്യുമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസ്, ഡി എ ംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ആര്‍ ജെ ഡി, സി പി ഐ, സി പി ഐ (എം) എന്നിവയുടെ നേതാക്കള്‍ ഖാര്‍ഗെയുടെ വസതിയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തു.
ഖാര്‍ഗെയെയും രാഹുല്‍ ഗാന്ധിയെയും കൂടാതെ, ഡി എം കെയുടെ ടി ആര്‍ ബാലു, ആര്‍ ജെ ഡിയുടെ തേജസ്വി യാദവ്, തൃണമൂലിന്റെ സാഗരിക ഘോഷ്, ശിവസേന (യു ബി ടി) നേതാക്കളായ സഞ്ജയ് റൗട്ട്, അരവിന്ദ് സാവന്ത്, എന്‍ സി പി (എസ് പി)യുടെ സുപ്രിയ സുലെ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. സമാജ്വാദി പാര്‍ട്ടി മേധാവി അഖിലേഷ് യാദവ് വെര്‍ച്വലായി ചേര്‍ന്നു.
ബില്ലുകള്‍ പാസ്സാക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമായതിനാല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ നിര്‍ണായകമാണ്.
