വെടിനിർത്തൽ നീട്ടൽ ആവശ്യപ്പെട്ടിട്ടില്ലെന്ന് വൈറ്റ് ഹൗസ്; പാകിസ്ഥാനിൽ പുതിയ ചർച്ചകൾക്ക് സാധ്യത

വെടിനിർത്തൽ നീട്ടൽ ആവശ്യപ്പെട്ടിട്ടില്ലെന്ന് വൈറ്റ് ഹൗസ്; പാകിസ്ഥാനിൽ പുതിയ ചർച്ചകൾക്ക് സാധ്യത


വാഷിംഗ്ടൺ/ടെഹ്രാൻ: ഇറാനുമായുള്ള നിലവിലെ വെടിനിർത്തൽ നീട്ടാൻ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഇതിനിടെ, ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ തുടരുകയാണെന്നും, പുതിയ ഘട്ട ചർച്ചകൾക്ക് പാകിസ്ഥാനിൽ വേദിയൊരുങ്ങാനിടയുണ്ടെന്നും അധികൃതർ അറിയിച്ചു.

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ്  മാധ്യമ റിപ്പോർട്ടുകൾ തള്ളി. വെടിനിർത്തൽ നീട്ടൽ സംബന്ധിച്ച വാർത്തകൾ തെറ്റാണെന്നും, ഇപ്പോൾ ചർച്ചകൾ സജീവമായ നിലയിലാണ് തുടരുന്നതെന്നും അവർ വ്യക്തമാക്കി. കരാറിലേക്കുള്ള സാധ്യതകളെക്കുറിച്ച് ആത്മവിശ്വാസമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, ഇറാനോട് അമേരിക്കയുടെ നിലപാടുകൾ വ്യക്തമാക്കിയിട്ടുണ്ടെന്നും, ചർച്ചകളിൽ പ്രസിഡന്റിന്റെ 'റെഡ് ലൈൻ' നിബന്ധനകൾ ഇറാൻ പാലിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു. അടുത്ത ഘട്ട ചർച്ചകൾ മുൻപ് നടന്നതുപോലെ ഇസ്ലാമാബാദിലെ വേദിയിലായിരിക്കും നടക്കാൻ സാധ്യതയെന്നും, ഈ ചർച്ചകളിൽ പാകിസ്ഥാൻ പ്രധാന മധ്യസ്ഥനാണെന്നും വ്യക്തമാക്കി.

ഇതിനിടെ, റഷ്യയിൽ നിന്നും ഇറാനിൽ  നിന്നുമുള്ള എണ്ണ വാങ്ങലിന് നൽകിയിരുന്ന ഇളവുകൾ ഇനി നീട്ടില്ലെന്ന് അമേരിക്ക അറിയിച്ചു. ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസറ്റ് വ്യക്തമാക്കിയതനുസരിച്ച്, മാർച്ച് 11ന് മുമ്പ് കപ്പലുകളിൽ ഉണ്ടായിരുന്ന എണ്ണയ്ക്കുള്ള ഇളവുകൾ ഇതിനകം അവസാനിപ്പിച്ചുകഴിഞ്ഞു. ഇനി പുതിയ ഇളവുകൾ അനുവദിക്കില്ലെന്ന നിലപാടാണ് വാഷിങ്ടൺ സ്വീകരിച്ചത്.

ഉക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട ഉപരോധങ്ങൾക്കിടയിൽ ഇന്ത്യ ഉൾപ്പെടെ ചില രാജ്യങ്ങൾക്ക് നൽകിയിരുന്ന താൽക്കാലിക ഇളവുകളും ഏപ്രിൽ 11ന് അവസാനിച്ചു. ഇതോടെ റഷ്യൻ, ഇറാനിയൻ എണ്ണ വാങ്ങുന്നവർക്കുമേൽ ആഗോള തലത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാകുകയാണ്.

ഇതിനൊപ്പം, ഇറാനുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ അമേരിക്ക സൂക്ഷ്മമായി നിരീക്ഷിക്കുന്നതായും, ചൈനീസ് ബാങ്കുകൾക്ക് മുന്നറിയിപ്പ് നൽകിയതായും ബെസന്റ് പറഞ്ഞു. ഇറാനിയൻ പണം ഇടപാടുകളിൽ കണ്ടെത്തിയാൽ രണ്ടാംഘട്ട ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സംഘർഷ സാഹചര്യത്തിൽ മധ്യസ്ഥ ശ്രമങ്ങൾ ശക്തിപ്പെടുത്താൻ പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ ടെഹ്രാനിൽ സന്ദർശനം നടത്തി. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചിയുമായി കൂടിക്കാഴ്ച നടത്തി സമാധാന ചർച്ചകൾ പുനരുജ്ജീവിപ്പിക്കാൻ ശ്രമം ആരംഭിച്ചു.

ഏപ്രിൽ 11-12ന് നടന്ന 21 മണിക്കൂർ നീണ്ട നേരിട്ടുള്ള ചർച്ചകൾക്ക് വ്യക്തമായ പുരോഗതി ഉണ്ടായില്ല. പ്രത്യേകിച്ച് ആണവ പദ്ധതിയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളിൽ ഇരു പക്ഷങ്ങളും നിലപാട് മാറ്റാത്തതാണ് കരാർ തടസ്സപ്പെടാൻ കാരണം.

ഇതിനിടെ, ചർച്ചകളിലൂടെ പരിഹാരം കണ്ടെത്താനാണ് മുൻഗണനയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൂചന നൽകി. വെടിനിർത്തൽ നീട്ടൽ അനിവാര്യമല്ലെങ്കിലും അടുത്ത ദിവസങ്ങളിൽ നിർണായക പുരോഗതി ഉണ്ടാകാമെന്ന് അദ്ദേഹം വ്യക്തമാക്കി.