ടിസിഎസ് നാസിക് യൂണിറ്റിൽ ലൈംഗിക പീഡനവും മതപീഡനവും: നാല് വർഷം നീണ്ട ഭീകരത വെളിച്ചത്ത്

ടിസിഎസ് നാസിക് യൂണിറ്റിൽ ലൈംഗിക പീഡനവും മതപീഡനവും: നാല് വർഷം നീണ്ട ഭീകരത വെളിച്ചത്ത്


നാസിക്: ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (TCS) നാസിക് യൂണിറ്റുമായി ബന്ധപ്പെട്ട് പുറത്ത് വന്ന ലൈംഗിക പീഡനവും മതപീഡനവുമായി ബന്ധപ്പെട്ട പരാതികൾ വലിയ ഞെട്ടലാണ് സൃഷ്ടിക്കുന്നത്. നാല് വർഷത്തോളം നീണ്ടുനിന്ന സംഭവങ്ങളാണിത് എന്ന് പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തിയിട്ടുണ്ട്. 2022 മുതൽ 2026 തുടക്കം വരെ പല ഘട്ടങ്ങളിലായി നടന്ന സംഭവങ്ങൾ ഒറ്റപ്പെട്ടവയല്ല, സ്ഥിരമായ പീഡന രീതിയാണെന്ന സൂചനകളാണ് ലഭിക്കുന്നത്.

 മീറ്റിംഗുകൾക്കിടെ അസഭ്യമായി നോക്കുക, ശരീരത്തെ കുറിച്ച് ലൈംഗിക പരാമർശങ്ങൾ നടത്തുക തുടങ്ങിയ പ്രവൃത്തികൾ പതിവായിരുന്നുവെന്നാണ് പരാതികളിൽ സ്ത്രീ ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നത്,. ചിലർ അനുമതിയില്ലാതെ അവരുടെ സ്പർശിക്കാൻ ശ്രമിച്ചതായും, സമീപിക്കാൻ ശ്രമിച്ചെന്നും പറയുന്നു. ഓഫീസിനുള്ളിൽ പിന്തുടരൽ, അസ്വസ്ഥത ഉണ്ടാക്കുന്ന രീതിയിൽ നോക്കിക്കൊണ്ടിരിക്കുക, അശ്ലീല നിർദ്ദേശങ്ങൾ നൽകുക തുടങ്ങിയവയും ഉണ്ടായതായി പരാതികളിൽ പറയുന്നു.

സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള അതിക്രമമായ ചോദ്യങ്ങൾ, വിവാഹവും മക്കളും സംബന്ധിച്ച പരാമർശങ്ങൾ എന്നിവയും ചിലർ ആരോപിച്ചു. ഒരു സംഭവത്തിൽ സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളെ സൂചിപ്പിക്കുന്ന രീതിയിൽ കൈചലനങ്ങൾ നടത്തിയതായും, നിരന്തരം അസ്വസ്ഥമാക്കുന്ന പെരുമാറ്റം തുടരുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

അന്വേഷണത്തിൽ മറ്റൊരു ഗുരുതരമായ വശം മതപീഡനവുമായി ബന്ധപ്പെട്ടതാണ്. ചില പ്രതികൾ ഹിന്ദു ദേവതകളെ അപമാനിക്കുന്ന പരാമർശങ്ങൾ നടത്തിയതായും, മതവിശ്വാസങ്ങളെ പരിഹസിച്ചതായും പരാതിയുണ്ട്. ചിലർക്കു നിർബന്ധിച്ച് ഭക്ഷണരീതി മാറ്റാൻ ശ്രമിച്ചതായും, നമസ്‌കാരം ചെയ്യാൻ ആവശ്യപ്പെട്ടതായും ആരോപിക്കുന്നു.

കേസിൽ പേര് പറയപ്പെട്ട ഒരാൾ വിവാഹ വാഗ്ദാനം നൽകി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന ഗുരുതര ആരോപണവും ഉയർന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പല ജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതിനിടെ, പരാതികൾ പരിഗണിക്കേണ്ട കമ്പനിക്കകത്തെ സംവിധാനങ്ങൾ ശരിയായി പ്രവർത്തിച്ചോയെന്ന കാര്യവും അന്വേഷണം പരിശോധിക്കുന്നു. പരാതികൾ അടിച്ചമർത്തപ്പെട്ടോയെന്ന സംശയവും ഉയരുന്നുണ്ട്.

 കേസിൽ ഉൾപ്പെട്ട ജീവനക്കാരെ സസ്‌പെൻഡ് ചെയ്തതായി സംഭവത്തിൽ പ്രതികരിച്ച ടിസിഎസ് അറിയിച്ചു. പീഡനത്തിനെതിരെ 'സീറോ ടോളറൻസ്' നയം തുടരുമെന്നും, അന്വേഷണം പൂർത്തിയാക്കാൻ എല്ലാ വിധ സഹകരണവും നൽകുമെന്നും കമ്പനി വ്യക്തമാക്കി. ചെയർമാൻ എൻ. ചന്ദ്രശേഖരൻ ഈ സംഭവങ്ങളെ 'ഗൗരവകരവും വേദനാജനകവും' എന്നാണ് വിശേഷിപ്പിച്ചത്. കമ്പനി  പ്രത്യേക ആഭ്യന്തര അന്വേഷണം ആരംഭിച്ചതായും അറിയിച്ചു.