വാഷിങ്ടൺ/ടെഹ്രാൻ: ഇറാന്റെ എണ്ണ ഗതാഗത ശൃംഖലയെ ലക്ഷ്യമിട്ട് അമേരിക്ക പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചു. 20ത്തിലധികം വ്യക്തികളും കമ്പനികളും കപ്പലുകളും ഉൾപ്പെടുന്നതാണ് നടപടി. ഇറാനിലെ പ്രമുഖ എണ്ണ ഗതാഗത വ്യവസായി മുഹമ്മദ് ഹൊസൈൻ ഷംഖാനിയുമായി ബന്ധപ്പെട്ട ശൃംഖലയെയാണ് പ്രധാനമായും ലക്ഷ്യമിട്ടിരിക്കുന്നത്.
ഇറാനിലെ പ്രധാന സുരക്ഷാആണവ നയനിർമ്മാതാവായിരുന്ന അലി ഷംഖാനിയുടെ മകനാണ് മുഹമ്മദ് ഹൊസൈൻ ഷംഖാനിയെന്ന് യുഎസ് ട്രഷറി വകുപ്പിന്റെ വിശദീകരണത്തിൽ പറയുന്നു. ഫെബ്രുവരി 28ന് ടെഹ്രാൻ നഗരത്തിൽ നടന്ന യുഎസ്-ഇസ്രായേൽ ആക്രമണത്തിലാണ് അലി ഷംഖാനി കൊല്ലപ്പെട്ടത്. ഭരണകൂടത്തിലെ പ്രമുഖർ സ്വന്തം ലാഭത്തിനായി പ്രവർത്തിക്കുന്ന സാഹചര്യം ചെറുക്കാനാണ് നടപടിയെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസറ്റ് വ്യക്തമാക്കി.
ഇതിനുപുറമേ, ഹിസ്ബുള്ളയ്ക്ക് സാമ്പത്തിക സഹായം നൽകിയതായി ആരോപിച്ച് ഒരു ഇറാനിയൻ പൗരനെയും മൂന്ന് കമ്പനികളെയും കൂടി ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തി. ഇറാനിയൻ എണ്ണ വിൽപ്പനയിലൂടെ വെനസ്വേലയിലെ സ്വർണം കൈമാറ്റം ചെയ്തതായും ആരോപണമുണ്ട്.
ഇതിനിടെ, ഇറാനുമായി സമാധാന കരാർ ലക്ഷ്യമിട്ട് അമേരിക്ക ചർച്ചകൾ തുടരുകയാണ്. പാക്കിസ്താൻ തലസ്ഥാനമായ ഇസ്‌ലാമാബാദിൽ രണ്ടാംഘട്ട ചർച്ചകൾക്ക് സാധ്യതയുണ്ടെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. യുദ്ധം അവസാനിപ്പിക്കുകയും ആണവ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയും ചെയ്യുന്ന 'വ്യാപക കരാർ' ഇറാന്റെ മുന്നിൽ വെച്ചതായി ആദ്യഘട്ട ചർച്ചകൾക്ക് നേതൃത്വം നൽകിയ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പറഞ്ഞു.
അതേസമയം, ഇസ്രായേലും അമേരിക്കയും ഒരേ ലക്ഷ്യങ്ങളാണ് പിന്തുടരുന്നതെന്ന് ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഇറാന്റെ ആണവ ശേഷി നിയന്ത്രിക്കുക, സമ്പുഷ്ട യൂറേനിയം നീക്കം ചെയ്യുക, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
ഒമാൻ ഭാഗം വഴി കപ്പലുകൾ കടന്നുപോകാൻ അനുവദിക്കാമെന്ന് ഇറാൻ
ലോകത്തിലെ ഏകദേശം 20 ശതമാനം എണ്ണ ഗതാഗതം നടക്കുന്ന നിർണായക ജലപാതയായ ഹോർമുസ് കടലിടുക്ക് ഇപ്പോൾ സംഘർഷത്തിന്റെ കേന്ദ്രമായി തുടരുകയാണ്. കടലിടുക്കിലൂടെ ഇറാൻ കപ്പൽഗതാഗതം നിയന്ത്രിച്ചതോടെ നൂറുകണക്കിന് കപ്പലുകളും ആയിരക്കണക്കിന് നാവികരും കുടുങ്ങിയിരിക്കുകയാണ്.
എങ്കിലും, ചർച്ചകളുടെ ഭാഗമായി ഒമാൻ ഭാഗം വഴി കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ അനുമതി നൽകാമെന്ന നിർദ്ദേശം ഇറാൻ മുന്നോട്ടുവച്ചതായി റിപ്പോർട്ടുണ്ട്. എന്നാൽ എല്ലാ കപ്പലുകൾക്കും, പ്രത്യേകിച്ച് ഇസ്രായേലുമായി ബന്ധമുള്ളവയ്ക്കും, സ്വതന്ത്ര ഗതാഗതം അനുവദിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ഫെബ്രുവരി 28 മുതൽ തുടരുന്ന സംഘർഷം ആഗോള എണ്ണവാതക വിതരണത്തെ ശക്തമായി ബാധിച്ച സാഹചര്യത്തിൽ, ഏപ്രിൽ 8 മുതൽ നിലവിൽ വന്ന വെടിനിർത്തൽ കരാർ സമാധാന ചർച്ചകൾക്ക് പുതിയ പ്രതീക്ഷ നൽകുന്നുണ്ട്.
ഇറാനെതിരെ യുഎസിന്റ പുതിയ ഉപരോധം; സമാധാന ചർച്ചകൾക്കൊപ്പം ഹോർമുസ് കടലിടുക്ക് വിഷയം നിർണായകം
