യുഎസ് ഉപരോധമുള്ള ടാങ്കറുകൾ ഹോർമുസ് കടലിടുക്ക് കടന്നു; ഉപരോധത്തിനിടയിലും ഗതാഗതം തുടരുന്നു

യുഎസ് ഉപരോധമുള്ള ടാങ്കറുകൾ ഹോർമുസ് കടലിടുക്ക് കടന്നു; ഉപരോധത്തിനിടയിലും ഗതാഗതം തുടരുന്നു


ദുബായ്/വാഷിംഗ്ടൺ: അമേരിക്ക പ്രഖ്യാപിച്ച കടൽ ഉപരോധത്തിനിടയിലും ഹോർമുസ് കടലിടുക്കുവഴി യുഎസ് ഉപരോധ പട്ടികയിൽപ്പെട്ട ചില എണ്ണ ടാങ്കറുകൾ സഞ്ചരിച്ചതായി റിപ്പോർട്ട്. ഉപരോധം നിലവിൽ വന്നതിന് ശേഷം കടലിടുക്ക് കടന്ന് ഗൾഫിൽ നിന്ന് പുറത്തേക്കു പോയ ആദ്യ കപ്പൽ ചൈനീസ് ടാങ്കറായ 'റിച്ച് സ്റ്റാറി'യാണെന്ന് കപ്പൽ ഗതാഗതം സംബന്ധിച്ച സ്ഥിതിവിവരക്കണക്ക് വ്യക്തമാക്കുന്നു.

ഏകദേശം 2.5 ലക്ഷം ബാരൽ മെഥനോൾ വഹിച്ചിരുന്ന ഈ മധ്യശ്രേണി ടാങ്കർ യുഎസിന്റെ ഉപരോധ പട്ടികയിൽ ഉൾപ്പെട്ടതാണ്. ഇറാനുമായി ഇടപാട് നടത്തിയതിനാൽ കപ്പലിനെയും അതിന്റെ ഉടമസ്ഥരായ ഷാങ്ഹായ് സുവാന്റൺ ഷിപ്പിംഗ് കമ്പനിയെയും അമേരിക്ക മുമ്പ് ഉപരോധിച്ചിരുന്നു. യുഎഇയിലെ ഹംറിയ തുറമുഖത്ത് നിന്നാണ് ഈ കപ്പൽ ചരക്ക് എടുത്തത്.

ഇതിനിടെ,  ഉപരോധ വിധേയമായ 'മുരളികൃഷ്ണൻ' എന്ന മറ്റൊരുടാങ്കറും കടലിടുക്കിലേക്ക് പ്രവേശിക്കുന്നതായി റിപ്പോർട്ടുണ്ട്. ഇന്ധന എണ്ണ കയറ്റുന്നതിനായി ഏപ്രിൽ 16ന് ഇറാക്ക് ലക്ഷ്യമിട്ടാണ് ഈ കപ്പൽ നീങ്ങുന്നത്.

അതേസമയം, 'പീസ് ഗൾഫ്' എന്ന പനാമ പതാകയിലുള്ള മറ്റൊരു ടാങ്കറും കടലിടുക്ക് വഴി ഗൾഫിലേക്ക് പ്രവേശിക്കുന്നുണ്ട്. ഇത് യുഎഇയിലെ ഹംറിയ തുറമുഖത്തേക്കാണ് പോകുന്നത്.

ഇവയൊന്നും ഇറാനിയൻ തുറമുഖങ്ങളിലേക്കല്ല സഞ്ചരിക്കുന്നത് എന്നതുകൊണ്ടാണ് ഉപരോധം ബാധിക്കാതിരുന്നതെന്നാണ് റിപ്പോർട്ടുകൾ. ആഗോള എണ്ണ ഗതാഗതത്തിന് നിർണായകമായ ഹോർമുസ് കടലിടുക്കിൽ സംഘർഷം നിലനിൽക്കുന്നതിനിടെ, ഇത്തരം കപ്പൽ ഗതാഗതം തുടരുന്നത് ശ്രദ്ധേയമാണ്.