ലെബനൺ വെടിനിർത്തൽ വിഷയത്തിൽ തർക്കം; 'ഇറാനും പ്രതിരോധ അച്ചുതണ്ടും ഒന്നാണെന്ന് ഗാലിബാഫ്

ലെബനൺ വെടിനിർത്തൽ വിഷയത്തിൽ തർക്കം; 'ഇറാനും പ്രതിരോധ അച്ചുതണ്ടും ഒന്നാണെന്ന് ഗാലിബാഫ്


ടെഹ്രാൻ/വാഷിംഗ്ടൺ: ഇസ്രായേലും ലെബനണും തമ്മിലുള്ള ചർച്ചകൾക്കിടെ, ലെബനൺ വിഷയത്തിൽ വെടിനിർത്തൽ കരാറിനെ ചുറ്റിപ്പറ്റി തർക്കം ശക്തമാകുന്നു. 'ഇറാനും പ്രതിരോധ അച്ചുതണ്ടും ഒരേ ആത്മാവാണ്' എന്ന ശക്തമായ സന്ദേശവുമായി ഇറാൻ പാർലമെന്റ് സ്പീക്കർ മൊഹമ്മദ് ബാഗർ ഗാലിബാഫ് രംഗത്തെത്തി.

ലെബനണിൽ സമഗ്ര വെടിനിർത്തൽ സാധ്യമാകുന്നത് ഹിസ്ബുള്ളയുടെ ശക്തമായ പ്രതിരോധവും 'ആക്‌സിസ് ഓഫ് റെസിസ്റ്റൻസ്' എന്ന കൂട്ടായ്മയുടെ ഐക്യവും കൊണ്ടാണെന്ന് ഗാലിബാഫ് പറഞ്ഞു. യുദ്ധത്തിലോ വെടിനിർത്തലിലോ ഇറാനെയും ഈ കൂട്ടായ്മയെയും തമ്മിൽവേർതിരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ, ഇസ്രായേലും ലെബനണും തമ്മിൽ ചർച്ചകൾ ആരംഭിക്കാമെന്ന് ഡോണൾഡ് ട്രംപ് സൂചന നൽകിയിട്ടുണ്ട്. എന്നാൽ ലെബനൺ വിഷയവും ഇറാൻഅമേരിക്ക വെടിനിർത്തൽ കരാറിന്റെ ഭാഗമാണെന്ന് ഇറാൻ അവകാശപ്പെടുമ്പോൾ, അത് അംഗീകരിച്ചിട്ടില്ലെന്ന നിലപാടിലാണ് അമേരിക്കയും ഇസ്രായേലും.


ഫെബ്രുവരി അവസാനം ആരംഭിച്ച സംഘർഷത്തിനുശേഷം ഏപ്രിൽ 7ന് ഇറാൻ വെടിനിർത്തൽ പ്രഖ്യാപിക്കുമ്പോൾ, ലെബനണിലെ ഹിസ്ബുള്ളക്കെതിരായ ആക്രമണം അവസാനിപ്പിക്കണമെന്നത് നിർണായക വ്യവസ്ഥയായിരുന്നുവെന്നാണ് ടെഹ്രാന്റെ വാദം. ലെബനൺ ഉൾപ്പെടെ എല്ലാ മേഖലകളിലും വെടിനിർത്തലിന് ധാരണയായതായി ഷെഹബാസ് ഷെരീഫ് പോലും വ്യക്തമാക്കിയിരുന്നു.

എന്നാൽ ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു ഈ വാദം തള്ളിക്കളഞ്ഞു.  കരാറിൽ ലെബനൺ വെടിനിർത്തൽ ഉൾപ്പെട്ടിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പിന്നാലെ അമേരിക്കയും അതേ നിലപാട് ആവർത്തിച്ചു.

ഇരു പക്ഷങ്ങളും വ്യത്യസ്ത വ്യാഖ്യാനങ്ങൾ മുന്നോട്ടുവയ്ക്കുന്ന സാഹചര്യത്തിൽ, ലെബനൺ വിഷയത്തിൽ വ്യക്തത വരാത്തത് സമാധാന ചർച്ചകൾക്ക് വെല്ലുവിളിയാകുകയാണ്. ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, പ്രദേശത്തെ സംഘർഷാവസ്ഥ തുടരുകയാണ്.