ന്യൂഡൽഹി: ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങൾ തമ്മിൽ ചെറുതായി കൂട്ടിയിടിച്ചു. സ്‌പൈസ് ജെറ്റ്, ആകാശ എയർലൈൻസ് എന്നീ വിമാനങ്ങളാണ് റൺവേയിലുണ്ടായ സംഭവത്തിൽ ഉൾപ്പെട്ടത്.
ഇന്ന് ഉച്ചയ്ക്ക് ഏകദേശം 2.15ഓടെ ടെർമിനൽ 1ന് സമീപമാണ് സംഭവം നടന്നത്. ഹൈദരാബാദിലേക്ക് പോകാനിരുന്ന ആകാശ എയർ ലൈൻസിന്റെ QP-1406 വിമാനം സ്റ്റാൻഡിൽ നിന്ന് പുറപ്പെടാൻ ടാക്‌സിയിങ്ങ് ചെയ്യുന്നതിനിടെയാണ്, ലേഹിൽ നിന്ന് എത്തിയ സ്‌പൈസ്‌ജെറ്റ് വിമാനമായ SG-124 സ്റ്റാൻഡിലേക്കു നീങ്ങുന്നതിനിടെ ചെറുതായി ഇടിച്ചത്.
സംഭവത്തെ തുടർന്ന് ബന്ധപ്പെട്ട എല്ലാ അധികാരികളെയും ഉടൻ അറിയിച്ചതായി വിമാനത്താവള അധികൃതർ അറിയിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ലെന്നും, കൂടുതൽ പരിശോധനകൾ നടത്തിവരുന്നതായും അധികൃതർ വ്യക്തമാക്കി.
ഡൽഹി വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു; യാത്രക്കാർക്ക് അപകടമില്ല
