ഉള്ളിയിലെ നെഗറ്റീവ് എനര്‍ജി പഠിക്കണമെന്ന് സുപ്രിം കോടതിയില്‍ ഹര്‍ജി; ഇതുവഴി ഇനി വന്നേക്കരുതെന്ന് കോടതി

ഉള്ളിയിലെ നെഗറ്റീവ് എനര്‍ജി പഠിക്കണമെന്ന് സുപ്രിം കോടതിയില്‍ ഹര്‍ജി; ഇതുവഴി ഇനി വന്നേക്കരുതെന്ന് കോടതി


ന്യൂഡല്‍ഹി: ഉള്ളിയിലെ നെഗറ്റീവ് എനര്‍ജിയെ കുറിച്ച് പഠനം നടത്തണമെന്നാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ച അഭിഭാഷകനെ ഓടിച്ച് സുപ്രിം കോടതി. നിസ്സാരവും അടിസ്ഥാന രഹിതവുമായ ഹര്‍ജികളാണ് മുമ്പില്‍ വന്നിരിക്കുന്നതെന്ന് നിരീക്ഷിച്ച കോടതി നിങ്ങള്‍ ഈ ഹര്‍ജികളെല്ലാം അര്‍ധരാത്രിയിലാണോ തയ്യാറാക്കുന്നതെന്ന ചോദ്യം ഉന്നയിക്കുകയും വിലപ്പെട്ട സമയം മെനക്കെടുത്തരുതെന്നും അഭിഭാഷകനോട് പറഞ്ഞു.

അഭിഭാഷകനായ സച്ചിന്‍ ഗുപ്തയാണ് അഞ്ച് പൊതുതാത്പര്യ ഹര്‍ജികളുമായി സുപ്രിം കോടതിക്കു മുമ്പിലെത്തിയത്. 

പരാമ്പരാഗതമായി ഉള്ളി, വെളുത്തുള്ളി എന്നിവ ഒഴിവാക്കുന്ന ജൈന സമൂഹത്തിന്റെ ഭക്ഷണരീതികളെ പരാമര്‍ശിച്ച ഹര്‍ജിയെ സുപ്രിം കോടതി രൂക്ഷമായി വിമര്‍ശിച്ചു. ജൈന സമുദായത്തിന്റെ വികാരങ്ങളെ എന്തിനാണ് വ്രണപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും ചോദിച്ചു.

വിഷയം ആശങ്കാജനകമാണെന്നാണ് വാദിച്ച ഹര്‍ജിക്കാരന്‍ ഭക്ഷണത്തില്‍ ഉള്ളി ഉപയോഗിച്ചതിന്റെ പേരില്‍ ഗുജറാത്തില്‍ വിവാഹ മോചനം നടന്നിട്ടുണ്ടെന്നും അവകാശപ്പെട്ടു. കടുത്ത അതൃപ്തി പ്രകടിപ്പിച്ച ബെഞ്ച് ഭാവിയില്‍ സമാനമായ ഹര്‍ജിയില്‍ ഫയല്‍ ചെയ്യരുതെന്നും അഭിഭാഷകനോട് നിര്‍ദേശിച്ചു.