ഗണേഷ് കുമാർ ക്ഷമ ചോദിച്ചു; ആരോപണങ്ങളിൽ നിന്ന് പിന്മാറി ബിന്ദു മേനോൻ

ഗണേഷ് കുമാർ ക്ഷമ ചോദിച്ചു; ആരോപണങ്ങളിൽ നിന്ന് പിന്മാറി ബിന്ദു മേനോൻ


തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ അടുത്തിടെ ഉന്നയിച്ച ഗുരുതര ആരോപണങ്ങളിൽ നിന്ന് പിന്മാറുന്നതായി ഭാര്യ ബിന്ദു മേനോൻ അറിയിച്ചു. കുടുംബപ്രശ്‌നങ്ങൾ ഒത്തുതീർപ്പായെന്നും ഇനി വിഷയത്തെ വിവാദമാക്കാൻ താൽപര്യമില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

മന്ത്രി ഗണേഷ് കുമാർ ഫോണിൽ വിളിച്ച് ക്ഷമ ചോദിച്ചതായും തെറ്റ് പറ്റിയതായി സമ്മതിച്ചതായും ബിന്ദു മേനോൻ വ്യക്തമാക്കി. ഇതാണ് താൻ പ്രതീക്ഷിച്ചതെന്നും ഇനി പ്രതികാര നടപടികളിലേക്ക് പോകാനില്ലെന്നും അവർ പറഞ്ഞു. 'ഇത് ഞങ്ങളുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട വിഷയമാണ്. ഇതിൽ ഇനി ആരും ഇടപെടരുത്,' എന്നും അവർ കൂട്ടിച്ചേർത്തു.

മന്ത്രിയുടെ ചില പരാമർശങ്ങളാണ് തനിക്ക് മാനസിക വേദന ഉണ്ടാക്കിയതെന്നും അതിന്റെ പശ്ചാത്തലത്തിലാണ് പരസ്യമായി പ്രതികരിച്ചതെന്നും ബിന്ദു പറഞ്ഞു. '112 നമ്പറിലേക്ക് വിളിക്കുന്നവർക്ക് വട്ടാണെന്ന്' പറഞ്ഞതുപോലുള്ള പരാമർശങ്ങൾ വികാരാധീനമാക്കി എന്നായിരുന്നു അവരുടെ വിശദീകരണം.

വാളകത്തെ വീട്ടിൽ മന്ത്രിയെ മോശം സാഹചര്യത്തിൽ കണ്ടുവെന്നും അതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ കൈവശമുണ്ടെന്നും മുൻപ് ഉന്നയിച്ച ആരോപണങ്ങൾ ഇപ്പോൾ അവർ പിൻവലിച്ചു. അന്നത്തെ സംഭവത്തിൽ ഇടപെടാൻ ശ്രമിച്ചപ്പോൾ സ്റ്റാഫ് അംഗങ്ങൾ തന്നെ തടഞ്ഞുവെച്ചുവെന്നും പോലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ബിന്ദു മുൻപ് ആരോപിച്ചിരുന്നു.

അതേസമയം വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുഖ്യമന്ത്രിയുടെ മകളോടുൾപ്പെടെ സംസാരിച്ചു കഴിഞ്ഞതായും ഇനി നിയമനടപടികളിലേക്ക് പോകാൻ താൽപര്യമില്ലെന്നും വ്യക്തമാക്കി കൊണ്ടാണ് ബിന്ദു മേനോൻ വിവാദങ്ങൾക്ക് വിരാമമിട്ടത്.