ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിച്ചേക്കുമെന്ന് ട്രംപ്

ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിച്ചേക്കുമെന്ന് ട്രംപ്


വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം 'വേഗത്തിൽ അവസാനിക്കുമെന്നാണ്' തന്റെ വിശ്വാസമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ആവശ്യമെങ്കിൽ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാന്റെ നാവികസേനയും വ്യോമസേനയും ഏറെ നാശം നേരിട്ടിട്ടുണ്ടെന്നും അമേരിക്കൻ ആക്രമണം വലിയ വിജയം കൈവരിച്ചിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.

ഇറാൻ ജനതയെ സഹായിക്കാൻ താൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും അവർ 'ശാന്തമായ രീതിയിൽ പെരുമാറണം' എന്ന് ട്രംപ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. അമേരിക്കയെ ആക്രമിക്കാത്ത സമാധാനപരമായ ഒരു സംവിധാനമാണ് ഇറാനിൽ രൂപപ്പെടേണ്ടതെന്നും അതാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഫെബ്രുവരി 28ന് ഇറാനിലെ ഒരു പെൺകുട്ടികളുടെ സ്‌കൂൾ ആക്രമണത്തിൽ നിരവധി കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് തനിക്ക് മതിയായ വിവരം ഇല്ലെന്ന് ട്രംപ് പറഞ്ഞു. അമേരിക്കൻ നിർമ്മിത മിസൈൽ ഉപയോഗിച്ചാകാമെന്ന ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് പ്രതികരണം. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും റിപ്പോർട്ട് എന്ത് പറയുന്നുവെങ്കിലും അത് അംഗീകരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി.

ഇറാനുമായി ബന്ധപ്പെട്ട ആക്രമണങ്ങളിൽ ഏഴാമത്തെ അമേരിക്കൻ സൈനികനായ സാർജന്റ് ബെഞ്ചമിൻ പെനിങ്ടൺ കൊല്ലപ്പെട്ടു. സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർബേസിലെ അമേരിക്കൻ സൈന്യത്തെ ലക്ഷ്യമാക്കി മാർച്ച് 1ന് നടന്ന ഇറാന്റെ പ്രതികാരാക്രമണത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതെ തുടർന്നാണ് മരണം സംഭവിച്ചത്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഡെലാവെയറിലെ ഡോവർ എയർ ഫോഴ്‌സ് ബേസിൽ അദ്ദേഹത്തിന്റെ മൃതദേഹത്തിന്റെ ഔപചാരിക സ്വീകരണ ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചു.
ഇതിനിടെ ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനിയുമായി അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ഫോണിൽ സംസാരിച്ചു. ഇറാൻ പിന്തുണയുള്ള മിലീഷ്യാകൾ നടത്തുന്ന ആക്രമണങ്ങളെ റൂബിയോ ശക്തമായി അപലപിക്കുകയും ഇറാഖിലെ അമേരിക്കൻ നയതന്ത്ര കേന്ദ്രങ്ങളും ഉദ്യോഗസ്ഥരും സുരക്ഷിതരാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഇറാൻ വിഷയത്തിൽ റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുട്ടിനുമായി ട്രംപ് ടെലിഫോണിൽ സംസാരിച്ചു എന്നും ക്രെംലിൻ അറിയിച്ചു. ഇറാനും ഉക്രെയിനും സംബന്ധിച്ച വിഷയങ്ങളാണ് ഇരുവരും ചർച്ച ചെയ്തതെന്ന് റഷ്യൻ വൃത്തങ്ങൾ വ്യക്തമാക്കി.

യുദ്ധം 'ചുരുങ്ങിയ കാലയളവിൽ അവസാനിക്കുന്ന ഒരു സൈനിക ഇടപെടൽ' മാത്രമായിരിക്കുമെന്നാണ് ട്രംപ് റിപ്പബ്ലിക്കൻ നേതാക്കളോട് പറഞ്ഞത്. എന്നാൽ ശത്രു പൂർണമായി പരാജയപ്പെടുന്നതുവരെ അമേരിക്ക പിൻമാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.