യുദ്ധഭീതിയില്‍ ഇടിഞ്ഞ് ഓഹരി വിപണി; നിഫ്റ്റി മേയ് മുതല്‍ ഏറ്റവും താഴ്ന്ന നിലയില്‍

യുദ്ധഭീതിയില്‍ ഇടിഞ്ഞ് ഓഹരി വിപണി; നിഫ്റ്റി മേയ് മുതല്‍ ഏറ്റവും താഴ്ന്ന നിലയില്‍


മുംബൈ: പശ്ചിമേഷ്യയിലെ യുദ്ധം ശക്തമാകുകയും ആഗോള സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ഉയരുകയും ചെയ്തതോടെ ഇന്ത്യയിലെ പ്രധാന ഓഹരി സൂചികകള്‍ തിങ്കളാഴ്ച വ്യാപാരം ആരംഭിച്ച ഉടന്‍ തന്നെ കുത്തനെ ഇടിഞ്ഞു. ലോകത്തിലെ പ്രധാന എണ്ണ ഗതാഗത പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്ക് വഴി ക്രൂഡ് ഓയില്‍ കയറ്റുമതി തടസ്സപ്പെടുമെന്ന ആശങ്ക നിക്ഷേപകരില്‍ ഭീതി പരത്തിയതാണ് ഇടിവിന് കാരണം.

ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളര്‍ കടന്നതോടെ നിഫ്റ്റി 50 ഫെബ്രുവരി 1-ലെ ബജറ്റ് ദിനത്തിന് ശേഷമുള്ള ഏറ്റവും വലിയ ഒറ്റദിവസ ഇടിവ് രേഖപ്പെടുത്തി. ദിവസാവസാനത്തോടെ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂലധനം ഏകദേശം 8.47 ട്രില്ല്യണ്‍ കുറഞ്ഞു.

ഏഷ്യന്‍ വിപണികളും വലിയ ഇടിവ് നേരിട്ടു. ജപ്പാനിലെ നിക്കി 225 5.2 ശതമാനം ഇടിഞ്ഞപ്പോള്‍ ഹോങ്കോംഗിലെ ഹാംഗ് സെംഗ് ഇന്‍ഡെക്‌സ് 1.49 ശതമാനം താഴ്ന്നു. തായ്വാനിലെ തായ്‌വാന്‍ വെയ്റ്റഡ് ഇന്‍ഡക്‌സ് 4.43 ശതമാനം ഇടിഞ്ഞു, ദക്ഷിണ കൊറിയയിലെ കോസ്പി ഇന്‍ഡക്‌സ് 5.96 ശതമാനം വരെ താഴ്ന്നു.

ഇന്ത്യന്‍ സൂചികകള്‍ പിന്നീട് ചെറിയ വീണ്ടെടുപ്പ് കാണിച്ചു. വ്യാപാരാവസാനത്തില്‍ നിഫ്റ്റി 50 1.73 ശതമാനം താഴ്ന്ന് 24,028.05ല്‍ എത്തി. കഴിഞ്ഞ വര്‍ഷം മേയ് 9 മുതല്‍ ഇതാണ് ഏറ്റവും താഴ്ന്ന നില. അതേസമയം ബി എസ് ഇ സെന്‍സെക്‌സ് 1.71 ശതമാനം ഇടിഞ്ഞ് 77,566.16 ആയി. ഏപ്രില്‍ 16ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്.

സാങ്കേതിക വിശകല വിദഗ്ധര്‍ പറയുന്നതനുസരിച്ച് വിപണിയില്‍ ശക്തമായ വില്‍പ്പന സമ്മര്‍ദ്ദമാണ് നിലനില്‍ക്കുന്നത്. ആക്‌സിസ് സെക്യൂരിറ്റീസിലെ ഗവേഷണ വിഭാഗം എസ് വി പി രാജേഷ് പാല്‍വിയയുടെ റിപ്പോര്‍ട്ട് പ്രകാരം ബ്രെന്റ് ക്രൂഡ് വില ഉയര്‍ന്നതോടെ വിപണിയില്‍ തുടര്‍ച്ചയായ വില്‍പ്പന സമ്മര്‍ദ്ദം രൂപപ്പെട്ടു.

നിഫ്റ്റി 24,000 പോയിന്റ് താഴെ സ്ഥിരമായി നിലനില്‍ക്കുകയാണെങ്കില്‍ കൂടുതല്‍ ഇടിവിന് സാധ്യതയുണ്ടെന്ന് വിശകലകര്‍ മുന്നറിയിപ്പ് നല്‍കുന്നു. മറുവശത്ത് 25,000- 25,141 പരിധിക്ക് മുകളിലേക്ക് ഉറച്ച ഉയര്‍ച്ച ഉണ്ടെങ്കില്‍ മാത്രമേ വിപണിയില്‍ ബുള്ളുകള്‍ക്ക് വീണ്ടും നിയന്ത്രണം നേടാന്‍ കഴിയൂ എന്നും അവര്‍ പറഞ്ഞു.

കൊടാക് സെക്യൂരിറ്റീസിലെ ഇക്വിറ്റി ഗവേഷണ മേധാവി ശ്രികാന്ത് ചൗഹാന്‍ പറയുന്നത് ഇപ്പോഴത്തെ വിപണി പ്രവണത ദുര്‍ബലമാണെന്നും എന്നാല്‍ ഓവര്‍സോള്‍ഡ് നിലയിലാമെന്നുമാണ്. 

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഓട്ടോയും നിഫ്റ്റി പി എസ് യു ബാങ്കും ഏകദേശം 4 ശതമാനം വീതം ഇടിഞ്ഞ് ഏറ്റവും വലിയ നഷ്ടം രേഖപ്പെടുത്തി. മിഡ്ക്യാപ്, സ്മാള്‍ക്യാപ് ഓഹരികളും ഇടിഞ്ഞു. നിഫ്റ്റി മിഡ്കാപ് 100 ഏകദേശം 1.97 ശതമാനവും നിഫ്റ്റി സ്മാള്‍കാപ് 250 2.33 ശതമാനവും താഴ്ന്നു.

നിഫ്റ്റി 50യിലെ പ്രധാന നഷ്ടക്കാരില്‍ ടാറ്റാ മോട്ടോഴ്‌സ് (5.27 ശതമാനം), അള്‍ട്ര ടെക് സിമന്റ് (5.25), മാരുതി സുസുക്കി ഇന്ത്യ (4.67) എന്നിവ ഉള്‍പ്പെട്ടു. മറുവശത്ത്, ദിവസം മുഴുവന്‍ 2 ശതമാനം വരെ ഇടിഞ്ഞിരുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് പിന്നീട് നഷ്ടം തിരികെ നേടി ഏകദേശം 1 ശതമാനം നേട്ടത്തോടെ ക്ലോസ് ചെയ്തതോടെ സൂചികകള്‍ക്ക് കുറച്ചെങ്കിലും പിന്തുണ ലഭിച്ചു.

ബേ കാപിറ്റലിലെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ നികുന്‍ജ് ദോഷിയുടെ അഭിപ്രായത്തില്‍ അസംസ്‌കൃത വസ്തുക്കളുടെയും ലോജിസ്റ്റിക്‌സ് ചെലവുകളുടെയും വര്‍ധന ഉപഭോക്താക്കളിലേക്ക് പൂര്‍ണ്ണമായി മാറ്റിവയ്ക്കാന്‍ കമ്പനികള്‍ക്ക് കഴിയാത്തതിനാല്‍ വരുമാന കണക്കുകളില്‍ ഇടിവ് സംഭവിക്കാനിടയുണ്ടെന്നാണ് കൊമോഡിറ്റി വിലകള്‍ എവിടെ സ്ഥിരപ്പെടുമെന്നത് വ്യക്തമാകുന്നതുവരെ യഥാര്‍ഥ ആഘാതം എത്രയെന്ന് വ്യക്തമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തര ആവശ്യത്തെ ആശ്രയിച്ചുള്ള ബിസിനസുകള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ സ്ഥിരത പുലര്‍ത്തുമെന്നാണ് വിലയിരുത്തല്‍. ഉപഭോഗ മേഖലയും പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട കമ്പനികളും നിലവില്‍ താരതമ്യേന ശക്തമായ നിലയിലാണ്.

വിപണിയിലെ അനിശ്ചിതത്വം ഇന്ത്യ VIX എന്ന വോളറ്റിലിറ്റി സൂചികയിലും പ്രകടമായി. ഈ സൂചിക ഏകദേശം 22 ശതമാനം വരെ ഉയര്‍ന്ന് പിന്നീട് 17.5 ശതമാനം നേട്ടത്തോടെ അവസാനിച്ചു. നിക്ഷേപകരുടെ ഭയം വര്‍ധിച്ചതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഫെബ്രുവരിയില്‍ 17,147.25 കോടി മൂല്യമുള്ള ഇന്ത്യന്‍ ഓഹരികള്‍ വാങ്ങിയിരുന്നുവെങ്കിലും മാര്‍ച്ചില്‍ അവര്‍ വില്‍പ്പനയിലേക്ക് മാറി. ഈ മാസം ഇതുവരെ 15,532.32 കോടി മൂല്യമുള്ള ഓഹരികളാണ് അവര്‍ വിറ്റഴിച്ചത്.

അതേസമയം ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ വിപണിയെ പിന്തുണച്ചു. ഫെബ്രുവരിയില്‍ 38,423.11 കോടി മൂല്യമുള്ള ഓഹരികള്‍ വാങ്ങിയ അവര്‍ മാര്‍ച്ചിലും വാങ്ങല്‍ തുടരുകയാണ്.

ഇതിനിടെ എണ്ണവില കുത്തനെ ഉയര്‍ന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് 116.83 ഡോളര്‍ വരെ ഉയര്‍ന്ന് 2022 ജൂലൈ 4ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ബാരലിന് 100 ഡോളറിന് മുകളിലുള്ള എണ്ണവില ദീര്‍ഘകാല വിതരണ തടസ്സത്തിന് സാധ്യതയുണ്ടെന്ന സൂചനയാണെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ഇത്തരത്തിലുള്ള സാഹചര്യത്തില്‍ സംഘര്‍ഷം ആരംഭിച്ച ദിവസത്തെ 25,178 എന്ന നിലയില്‍ നിന്ന് നിഫ്റ്റി 50 ഏകദേശം 10 ശതമാനം വരെ ഇടിയാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തല്‍ പറയുന്നു.