'മുസ്ലിംകള്‍ തെരുവിലിറങ്ങണം': ഇറാനെ പിന്തുണച്ച് ഇറാഖിലെ പ്രമുഖ ഷിയാ മതനേതാവിന്റെ ആഹ്വാനം

'മുസ്ലിംകള്‍ തെരുവിലിറങ്ങണം': ഇറാനെ പിന്തുണച്ച് ഇറാഖിലെ പ്രമുഖ ഷിയാ മതനേതാവിന്റെ ആഹ്വാനം


ബഗ്ദാദ്: ഇസ്രായേലും- ഇറാന്‍- യു എസ് യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇറാനെ പിന്തുണച്ച് ഇറാഖിലെ പ്രമുഖ ഷിയാ മതനേതാവിന്റെ ആഹ്വാനം. ആയത്തുള്ള അലി അല്‍ സിസ്താനിയാണ്  ഇറാനെ പിന്തുണയ്ക്കുന്നത് സമൂഹത്തിന്റെ കൂട്ടായ കടമയാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഖംനെയിയുടെ കൊലപാതകത്തിന് ശേഷമുള്ള കാലഘട്ടത്തില്‍ ഷിയാ സമൂഹത്തിലെ പ്രധാന മതനേതാക്കളില്‍ ഒരാളാണ് സിസ്താനി.

ഇറാഖിലും ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് അനുയായികള്‍ക്ക് സിസ്താനി ഏറ്റവും ഉയര്‍ന്ന ഷിയാ മത അധികാരികളില്‍ ഒരാളാണ്. അദ്ദേഹത്തെ ആയത്തുള്ള അലി ഖംനെയിക്ക് സമാനമായ ബഹുമാനത്തോടെയാണ് പരിഗണിക്കുന്നത്. 

മുസ്ലിംകളോട് തെരുവുകളിലും പൊതുസ്ഥലങ്ങളിലും ഒത്തുകൂടി ഇറാനും ഇസ്ലാമിക നിയമങ്ങളും പിന്തുണയ്ക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വിഭജനത്തിനായുള്ള ഗൂഢാലോചനകള്‍ നടക്കുകയാണെന്ന് മുന്നറിയിപ്പ് നല്‍കിയ അദ്ദേഹം ഈ സാഹചര്യത്തില്‍ പൊതുഇടങ്ങളിലെ വ്യാപകമായ ജനസാന്നിധ്യവും ഐക്യദാര്‍ഢ്യവും അനിവാര്യമാണെന്നും അത് മതപരമായ കൂട്ടായ ബാധ്യതയാണെന്നും വ്യക്തമാക്കി.

ഇറാഖില്‍ സിസ്താനിയുടെ സ്വാധീനം വളരെ വലുതാണ്. 2014-ല്‍ ഐ എസ് (ദായിഷ്) ഭീകരസംഘടനക്കെതിരെ പോരാടാന്‍ അദ്ദേഹം നല്‍കിയ ആഹ്വാനത്തിന് പിന്നാലെ ലക്ഷക്കണക്കിന് ഇറാഖി യുവാക്കള്‍ പ്രതികരിച്ചു. അതുവഴിയാണ് പിന്നീട് പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്സസ് (പി എം എഫ്) രൂപംകൊണ്ടത്. ഈ സേന ഇറാഖ് സൈന്യത്തോടൊപ്പം ചേര്‍ന്ന് ഐ എസിനെതിരായ പോരാട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്.

ഇപ്പോഴത്തെ ആഹ്വാനം ഷിയാ ഗ്രൂപ്പുകളുമായി ബന്ധമുള്ള മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും വഴി വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.

അതേസമയം, സിസ്താനിയുടെ നിലപാട് ശ്രദ്ധേയമാണെന്ന് നിരീക്ഷകര്‍ പറയുന്നു. കാരണം, ആയത്തുള്ള റൂഹുല്ല ഖുമൈനി രൂപപ്പെടുത്തിയ വിലായത്ത് അല്‍-ഫഖീഹ് എന്ന ഭരണരീതിയെ അദ്ദേഹം മുമ്പ് എതിര്‍ത്തിട്ടുണ്ട്. ആ സംവിധാനത്തില്‍ പരമോന്നത നേതാവാണ് രാജ്യകാര്യങ്ങളില്‍ പൂര്‍ണ്ണ അധികാരം വഹിക്കുന്നത്.  അടിസ്ഥാനപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നിട്ടും നിലവിലെ പ്രസ്താവനയെ ബാഹ്യ ഇടപെടലുകളുടെ പശ്ചാത്തലത്തില്‍ പ്രകടിപ്പിച്ച ശക്തമായ ഐക്യദാര്‍ഢ്യത്തിന്റെ അടയാളമായി കാണപ്പെടുന്നു.

മസ്ജിദുകളിലും പൊതുസ്ഥലങ്ങളിലും ആളുകള്‍ ഒത്തുകൂടി ഇസ്ലാമിക സംവിധാനത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്ന സംഭവങ്ങള്‍ക്ക് പ്രതികരിക്കാമോ എന്ന ചോദ്യത്തിന് മറുപടിയായാണ് സിസ്താനി ഈ ആഹ്വാനം നല്‍കിയത്. ഇത്തരം കൂട്ടായ്മകള്‍ നിരാശയെ ചെറുക്കാനും പൊതുസമ്പത്ത് സംരക്ഷിക്കാനും നൈതിക തകര്‍ച്ച തടയാനും ശത്രുക്കളുടെ ശ്രമങ്ങളെ പരാജയപ്പെടുത്താനും ഇസ്ലാമിക വിപ്ലവത്തിന്റെ മൂല്യങ്ങളെ പിന്തുണയ്ക്കാനും സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.