അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ശക്തമായതോടെ ഹോർമുസ് കടലിടുക്കിനെ ചുറ്റിപ്പറ്റി ലോക എണ്ണവിപണിയിൽ വലിയ പ്രതിസന്ധി ഉയർന്നിരിക്കുകയാണ്. ലോകത്തിന്റെ പ്രധാന ഊർജ്ജ വിതരണ പാതകളിൽ ഒന്നായ ഈ കടലിടുക്കിൽ ഗതാഗതം തടസ്സപ്പെടുന്നതോടെ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും വിപണികൾക്കും ശക്തമായ ആഘാതമാണ് ഉണ്ടാകുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനെതിരെ നടത്തിയ സൈനിക നടപടികൾക്ക് പിന്നാലെ എണ്ണവില കുത്തനെ ഉയർന്നു. ഇതോടെ ഇന്ധനവില ഉയരുകയും വായ്പ നിരക്കുകളും സർക്കാർ കടബാധ്യതയും വർധിക്കുകയും ചെയ്യുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്.
ഹോർമുസ് കടലിടുക്ക് ഒമാനും ഇറാനും തമ്മിലുള്ള ഒരു ഇടുങ്ങിയ കടൽപാതയാണ്. ഏറ്റവും ഇടുങ്ങിയ ഭാഗത്ത് ഏകദേശം 21 മൈൽ മാത്രമാണ് വീതി. ലോകത്തിലെ എണ്ണയും ദ്രവീകൃത പ്രകൃതി വാതകവും ഉൾപ്പെടുന്ന ഊർജ്ജവിതരണത്തിന്റെ ഏകദേശം അഞ്ചിൽ ഒരു ഭാഗം ഈ വഴിയിലൂടെയാണ് കടന്നുപോകുന്നത്.
യുദ്ധം ആരംഭിച്ചതിനുശേഷം ഈ കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളുടെ എണ്ണം കുത്തനെ കുറഞ്ഞു. ഇപ്പോൾ ആയിരത്തിലധികം കപ്പലുകൾ കടലിടുക്ക് കടക്കാൻ കാത്തുനിൽക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിനിടെ ചില കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടായതായും ഒരു ജീവനക്കാരൻ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു.
ഇതിന്റെ ആഘാതം മറ്റ് ചരക്ക് വിപണികളിലും പ്രകടമായി. അലുമിനിയം പോലുള്ള ലോഹങ്ങളുടെ വില പല വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഖത്തറിൽ പ്രവർത്തിക്കുന്ന ചില ലോഹ നിർമാണ കേന്ദ്രങ്ങൾ ഉൽപ്പാദനം കുറച്ചതായി വ്യവസായ സ്ഥാപനങ്ങൾ അറിയിച്ചു. പൂർണമായും സാധാരണ നിലയിലേക്ക് മടങ്ങാൻ ആറു മുതൽ പന്ത്രണ്ട് മാസം വരെ വേണ്ടിവരുമെന്നാണു വിലയിരുത്തൽ.
എണ്ണവിലയും അതിവേഗം ഉയർന്നു. കഴിഞ്ഞ ആഴ്ച അമേരിക്കൻ എണ്ണവില ഏകദേശം 36 ശതമാനം ഉയർന്നു. 1983ന് ശേഷം ഏറ്റവും വലിയ ഉയർച്ചയാണിത്. പിന്നീട് വിപണികൾ തുറന്നപ്പോൾ വീണ്ടും ഏകദേശം 20 ശതമാനം കൂടി വില വർധിച്ചു.
ഈ കടൽപാത അടച്ചിടാൻ ശ്രമിക്കുന്നതിലൂടെ അമേരിക്കയെയും അതിന്റെ സഖ്യരാങ്ങളെയും സാമ്പത്തികമായി സമ്മർദ്ദത്തിലാക്കാനാണ് ഇറാൻ ശ്രമിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു.
ഇതിനിടെ സൗദി അറേബ്യയിലെ ഒരു എണ്ണശേഖര കേന്ദ്രത്തിലേക്ക് വന്നതായി സംശയിക്കുന്ന ഡ്രോൺ, രാജ്യത്തെ പ്രതിരോധ സംവിധാനം തകർത്തതായി അധികൃതർ അറിയിച്ചു. അതേസമയം ഇസ്രയേൽ ഇറാനിലെ ഇന്ധന ശേഖരണ കേന്ദ്രങ്ങൾ ആക്രമിച്ചതായും റിപ്പോർട്ടുകളുണ്ട്.
ചരിത്രത്തിൽ പലതവണ മധ്യപൂർവ്വേഷ്യയിലെ എണ്ണപ്രതിസന്ധി ലോക സമ്പദ്‌വ്യവസ്ഥയെ ബാധിച്ചിട്ടുണ്ട്. 1973 ലെ യോം കിപ്പൂർസമയത്ത് അറബ് രാജ്യങ്ങൾ എണ്ണവിതരണം നിയന്ത്രിച്ചതിനെ തുടർന്ന് മൂന്ന് മാസത്തിനുള്ളിൽ എണ്ണവില നാലിരട്ടിയായി ഉയർന്നിരുന്നു.
ഇപ്പോഴത്തെ ഹോർമുസ് പ്രതിസന്ധി തുടർന്നാൽ ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ആഘാതമുണ്ടാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഹോർമുസ് കടലിടുക്ക് പ്രതിസന്ധി: ലോക എണ്ണവിതരണം ആശങ്കയിൽ; ആഗോള സമ്പദ്‌വ്യവസ്ഥക്ക് വലിയ തിരിച്ചടി
