വാഷിംഗ്ടൺ: ഇറാന്റെ പുതിയ പരമോന്നത നേതാവായി ആയത്തൊള്ള മൊജ്തബ ഖമേനിയെ തെരഞ്ഞെടുത്തതിൽ സന്തോഷമില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു.
ഇറാന്റെ മുൻ പരമോന്നത നേതാവ് അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ മകനായ മൊജ്തബ ഖമേനിയെ പുതിയ നേതാവായി ഇറാനിലെ മതപണ്ഡിതരുടെ സഭ പ്രഖ്യാപിച്ചത്.
പുതിയ നേതാവിനെ കുറിച്ച് കൂടുതൽ പ്രതികരിക്കാൻ ട്രംപ് തയ്യാറായില്ല. 'എന്ത് സംഭവിക്കുമെന്ന് കാണാം' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇതിനുമുമ്പ് തന്നെ ഇറാനിലെ പുതിയ നേതാവിന്റെ തിരഞ്ഞെടുപ്പിന് തന്റെ അഭിപ്രായം തേടണമെന്നും ട്രംപ് പറഞ്ഞിരുന്നു. അമേരിക്കയുടെ അംഗീകാരം ഇല്ലെങ്കിൽ പുതിയ നേതാവ് അധികകാലം നിലനിൽക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം മൊജ്തബ ഖമേനിയുടെ നിയമനത്തെ തുടർന്ന് കടുത്ത മുന്നറിയിപ്പുമായി ഇസ്രയേൽ രംഗത്തെത്തി. പുതിയ നേതാവിനെയും അദ്ദേഹത്തെ തെരഞ്ഞെടുത്തവരെയും ലക്ഷ്യമിടാൻ മടിക്കില്ലെന്ന് ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകി.
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ നടത്തിയ ആക്രമണത്തിൽ അലി ഖമേനി കൊല്ലപ്പെട്ടതോടെയാണ് പശ്ചിമേഷ്യയിൽ സംഘർഷം ശക്തമായത്. തുടർന്ന് ഇറാൻ ഇസ്രയേലിനും അമേരിക്കൻ സൈനിക താവളങ്ങൾ ഉള്ള ഗൾഫ് രാജ്യങ്ങൾക്കുമെതിരെ ഡ്രോൺ ആക്രമണങ്ങൾ നടത്തുകയും ചെയ്തു.
പശ്ചിമേഷ്യയിലെ യുദ്ധം ഇപ്പോൾ പത്താം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. മേഖലയിലെ സാഹചര്യം കൂടുതൽ സംഘർഷഭരിതമായി തുടരുകയാണ്.
ഇറാനിലെ പുതിയ പരമോന്നത നേതാവിന്റെ തെരഞ്ഞെടുപ്പിൽ 'സന്തോഷമില്ലെന്ന് ട്രംപ്
