ബെവർലി ഹിൽസ് ( യു.എസ് ): ലോകപ്രശസ്ത ഗായിക റിഹാനയുടെ അമേരിക്കയിലെ ബെവർലി ഹിൽസ് നഗരത്തിലുള്ള വീട്ടിന് നേരെ വെടിവെപ്പ് ഉണ്ടായതായി പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മുപ്പതിനുമേൽ പ്രായമുള്ള ഒരു സ്ത്രീയെ പൊലീസ് പിടികൂടി.
ഞായറാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവം നടന്നത്. വീടിന് പുറത്ത് കാറിൽ എത്തിയ സ്ത്രീ ഏഴ് വെടിയുതിർത്ത് സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. പിന്നീട് വീട്ടിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെ വാഹനത്തോടൊപ്പം അവളെ പൊലീസ് കണ്ടെത്തി പിടികൂടുകയായിരുന്നു.
വെടിവെപ്പിൽ ആർക്കും പരിക്കേറ്റിട്ടില്ല. സംഭവസമയത്ത് റിഹാന വീട്ടിനുള്ളിലുണ്ടായിരുന്നുവെന്ന് അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. സ്ഥലത്ത് ശക്തിയേറിയ തോക്കിൽ നിന്നുള്ള വെടിയുണ്ടകളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായും പൊലീസ് വ്യക്തമാക്കി.
റാപ്പ് ഗായകൻ എ സാപ് റോക്കിയാണ് റിഹാനയുടെ പങ്കാളി. ഇവർക്ക് മൂന്ന് മക്കളുണ്ട്. കഴിഞ്ഞ വർഷം ഇവർക്കു പെൺകുഞ്ഞ് ജനിച്ചിരുന്നു.
ബാർബഡോസ് സ്വദേശിയായ റിഹാന, 2000ത്തിന്റെ തുടക്കത്തിൽ പുറത്തിറങ്ങിയ ഗാനങ്ങളിലൂടെ ലോകമൊട്ടാകെ ശ്രദ്ധ നേടിയ ഗായികയാണ്. സംഗീതത്തിന് പുറമേ സൗന്ദര്യവർധക വസ്തുക്കളുടെയും വസ്ത്രങ്ങളുടെയും വ്യാപാരരംഗത്തും അവർ സജീവമാണ്.
ഗായിക റിഹാനയുടെ വീടിന് നേരെ വെടിവെപ്പ്; പ്രതിയെന്ന് സംശയിക്കുന്ന സ്ത്രീയെ പൊലീസ് പിടികൂടി
