പാരീസ്: ഇറാൻ അയൽരാജ്യങ്ങളിലേക്കുള്ള ആക്രമണം ഉടൻ നിർത്തണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മാക്രോൺ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായി അദ്ദേഹം ഞായറാഴ്ച സംസാരിച്ചു.
പ്രദേശത്തെ സംഘർഷം കുറയ്‌ക്കേണ്ടതിന്റെ ആവശ്യകത മാക്രോൺ സംഭാഷണത്തിൽ ഊന്നിപ്പറഞ്ഞു. കൂടാതെ ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽഗതാഗതം തടസ്സമില്ലാതെ തുടരാൻ ഇറാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കടലിടുക്ക് അടച്ചതിനെപ്പോലുള്ള അവസ്ഥ അവസാനിപ്പിക്കണമെന്നും മാക്രോൺ വ്യക്തമാക്കി.
ഇറാന്റെ ആണവ പദ്ധതിയും ദീർഘദൂര മിസൈൽ പദ്ധതിയും സംബന്ധിച്ച് ആശങ്കയുണ്ടെന്നും പ്രശ്‌നങ്ങൾക്ക് നയതന്ത്രപരമായ പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും മാക്രോൺ പറഞ്ഞു.
ഇറാനിൽ തടവിലായിരുന്ന ഫ്രഞ്ച് പൗരന്മാരായ സെസിൽ കോഹ്ലറും ജാക്‌സ് പാരിസും വേഗത്തിൽ ഫ്രാൻസിലേക്ക് മടങ്ങാൻ സൗകര്യം ഒരുക്കണമെന്ന് മാക്രോൺ ആവശ്യപ്പെട്ടു. ഇവരെ ചാരപ്രവർത്തനക്കേസിൽ മൂന്ന് വർഷത്തിലേറെ തടവിലിട്ടശേഷം കഴിഞ്ഞ നവംബറിൽ മോചിപ്പിച്ച് ടെഹ്രാനിലെ ഫ്രഞ്ച് എംബസിയിലേക്ക് മാറ്റിയിരുന്നു.
ഇറാൻ-അമേരിക്ക സംഘർഷം ആരംഭിച്ചതിനുശേഷം ഇറാൻ പ്രസിഡന്റുമായി നേരിട്ട് സംസാരിക്കുന്ന ആദ്യ പാശ്ചാത്യ നേതാവാണ് മാക്രോൺ. ഇരുനേതാക്കളും തുടർന്നും ബന്ധം നിലനിർത്താൻ ധാരണയായതായി അറിയിച്ചു.
ഇതിനിടെ ഇറാന്റെ ആദ്യ പ്രത്യാക്രമണങ്ങളിൽ പരിക്കേറ്റിരുന്ന മറ്റൊരു അമേരിക്കൻ സൈനികനും മരിച്ചു. ഇതോടെ ഇറാൻ സംഘർഷം ആരംഭിച്ച ശേഷം പശ്ചിമേഷ്യയിൽ മരിച്ച അമേരിക്കൻ സൈനികരുടെ എണ്ണം ഏഴായി. യു.എസ് സെൻട്രൽ കമാന്റ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഇറാനോട് ആക്രമണം നിർത്താൻ ആവശ്യപ്പെട്ട് ഫ്രഞ്ച് പ്രസിഡന്റ് ; ഹോർമുസ് കടലിടുക്ക് തുറക്കണമെന്നും നിർദേശം
