ഇറാന്‍ ആക്രമണം തുടര്‍ന്നാല്‍ തിരിച്ചടി നല്‍കുമെന്ന് സൗദി അറേബ്യയുടെ മുന്നറിയിപ്പ്

ഇറാന്‍ ആക്രമണം തുടര്‍ന്നാല്‍ തിരിച്ചടി നല്‍കുമെന്ന് സൗദി അറേബ്യയുടെ മുന്നറിയിപ്പ്


റിയാദ്: ഇറാന്‍ സൗദി അറേബ്യയെയും ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സൗദി അറേബ്യ ഇറാന് മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്. ആക്രമണം തുടര്‍ന്നാല്‍ തിരിച്ചടി നല്‍കേണ്ടിവരുമെന്നും സൗദി ഭരണകൂടം വ്യക്തമാക്കിയതായി വിവരങ്ങള്‍ പുറത്തുവന്നു. സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാം അല്‍ സൗദ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചിയുമായി നടത്തിയ സംഭാഷണത്തിലാണ് ഈ നിലപാട് അറിയിച്ചത്.

സമാധാനപരമായ പരിഹാരമാണ് റിയാദ് പിന്തുണയ്ക്കുന്നതെന്നും സംഘര്‍ഷം കുറയ്ക്കാന്‍ ഏതുതരത്തിലുള്ള മധ്യസ്ഥതയ്ക്കും സൗദി തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, അമേരിക്ക ഇറാനെതിരെ ആക്രമണം നടത്താന്‍ സൗദിയുടെ വ്യോമപാതയോ ഭൂമിയോ ഉപയോഗിക്കാന്‍ അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതായി ഉറവിടങ്ങള്‍ പറയുന്നു.

എന്നാല്‍ ഇറാന്‍ സൗദി പ്രദേശങ്ങളിലോ രാജ്യത്തിന്റെ നിര്‍ണായക ഊര്‍ജ്ജ സൗകര്യങ്ങളിലോ ആക്രമണം തുടരുകയാണെങ്കില്‍ അമേരിക്കന്‍ സേനയ്ക്ക് സൗദിയിലെ സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കേണ്ടിവരുമെന്നും അതോടൊപ്പം സൗദി നേരിട്ടുള്ള തിരിച്ചടിയും നല്‍കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.