ഇറാനിൽ മൊജ്തബ ഖമേനി പുതിയ സുപ്രീം നേതാവ് ; ടെഹ്രാനിൽ പ്രതിഷേധ മുദ്രാവാക്യം, മേഖലയിൽ സംഘർഷം രൂക്ഷം

ഇറാനിൽ മൊജ്തബ ഖമേനി പുതിയ സുപ്രീം നേതാവ് ; ടെഹ്രാനിൽ പ്രതിഷേധ മുദ്രാവാക്യം, മേഖലയിൽ സംഘർഷം രൂക്ഷം


ടെഹ്രാൻ: ഇറാനിൽ പുതിയ പരമോന്നത നേതാവായി ആയത്തൊള്ള മൊജ്തബ ഖമേനിയെ നിയമിച്ചതിന് പിന്നാലെ തലസ്ഥാനമായ ടെഹ്രാൻയിൽ പ്രതിഷേധ മുദ്രാവാക്യങ്ങൾ ഉയർന്നതായി റിപ്പോർട്ട്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ 'മൊജ്തബയ്ക്ക് മരണം' എന്ന മുദ്രാവാക്യം വിളിക്കുന്ന സ്ത്രീകളെ കാണാം.

എന്നാൽ വീഡിയോ ചിത്രീകരിച്ച സ്ഥലം സ്ഥിരീകരിക്കാനായിട്ടില്ലെന്നും നഗരത്തിന്റെ മറ്റു ഭാഗങ്ങളിലും സമാന പ്രതിഷേധങ്ങൾ ഉണ്ടായോയെന്ന് വ്യക്തമല്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഇതിനിടെ, ഇറാൻ ഇസ്രയേലിനെതിരെ പുതിയ മിസൈൽ ആക്രമണം നടത്തിയതായും  ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിംഗ്    റിപ്പോർട്ട് ചെയ്തു. 'ആയത്തൊള്ള മൊജ്തബ ഖമേനിയുടെ നേതൃത്വത്തിൽ ആദ്യ മിസൈൽ തരംഗം അധീന പ്രദേശങ്ങളിലേക്ക് വിട്ടു' എന്നാണ് ഇറാന്റെ സർക്കാർ മാധ്യമങ്ങൾ വ്യക്തമാക്കിയത്. 'നിങ്ങളുടെ ആജ്ഞപ്രകാരം, സയ്യിദ് മൊജ്തബ' എന്ന എഴുത്തുള്ള പ്രോജക്ടൈലിന്റെ ചിത്രം ടെലഗ്രാമിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

മിസൈൽ ആക്രമണത്തിനിടെ റിഷോൻ ലെസിയോൺ നഗരത്തിൽ ഒരു സ്ത്രീക്ക് പരിക്കേറ്റതായി ഇസ്രയേൽ അടിയന്തരസേവന വിഭാഗമായ  മേഗെൻ ഡേവിഡ് ആഡം അറിയിച്ചു. റോഡിൽ പതിച്ച പ്രോജക്ടൈലിന്റെ ആഘാതത്തിൽ തെറിച്ച കല്ലുകൾ തലയിൽ തട്ടിയതിനെത്തുടർന്നാണ് നാല്പതുവയസുതോന്നിക്കുന്ന സ്ത്രീക്ക് പരിക്കേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ നില ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.

അതേസമയം ഇറാനിലെ പുതിയ നേതാവിനെ പിന്തുണച്ച് ഇറാഖിലെ ഇറാൻ അനുകൂല സായുധസംഘടനയായ   കതൈബ് ഹിസ്ബുല്ലാ  അഭിനന്ദനം അറിയിച്ചു. നിർണായക സമയത്ത് രാജ്യത്തെ നയിക്കാൻ ആവശ്യമായ കഴിവും നേതൃത്വവുമുള്ള വ്യക്തിയാണെന്ന് സംഘടന പ്രസ്താവനയിൽ പറഞ്ഞു.

ഹൂത്തി മൂവ്‌മെന്റ്  ഉൾപ്പെടെയുള്ള യെമനിലെ ഹൂത്തി വിമതരും മൊജ്തബ ഖമേനിയുടെ നിയമനത്തെ സ്വാഗതം ചെയ്തു. ഇത് ഇറാന്റെ ശത്രുക്കൾക്ക് വലിയ തിരിച്ചടിയാണെന്ന് അവർ പ്രസ്താവനയിൽ പറഞ്ഞു.

മേഖലയിലെ സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിൽ നിന്ന് അത്യാവശ്യക്കാരല്ലാത്ത അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥരെയും അവരുടെ കുടുംബാംഗങ്ങളെയും പിൻവലിക്കാൻ യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉത്തരവിട്ടു.

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നതിനാൽ പശ്ചിമേഷ്യയിൽ സുരക്ഷാ ആശങ്കകൾ കൂടുതൽ ഉയരുകയാണ്.