തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കിടയില്‍ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ രാഷ്ടീയ ഭാവി തുലാസിലായി. വാളകത്തെ വീട്ടില്‍ അദ്ദേഹത്തെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടുവെന്ന് ഭാര്യ ബിന്ദു മേനോന്‍. ഫോട്ടോകള്‍ മൊബൈലില്‍ പകര്‍ത്തിയ ഭാര്യയെ മന്ത്രിയുടെ ഒപ്പമുള്ളവര്‍ തടഞ്ഞുവെന്നും ഫോണ്‍ കൈക്കലാക്കാന്‍ ശ്രമിച്ചുവെന്നും പറയുന്നു.
ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. വാളകത്തെ കുടുംബവീട്ടില്‍ മുന്നറിയിപ്പില്ലാതെ എത്തിയ ഭാര്യ, ഗണേഷിനെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കാണുകയായിരുന്നു. മുന്‍ ഡി ജി പി ആര്‍ ശ്രീലേഖയുടെ ഭര്‍ത്താവിന്റെ സഹോദരിയായ ബിന്ദു ഉടനെ അവരെ വിളിച്ച് പരാതിപ്പെട്ടു. സുരക്ഷയ്ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 112 ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് സഹായം തേടാനാണ് ശ്രീലേഖ ഉപദേശിച്ചത്.
തുടര്‍ന്ന് തിരുവനന്തപുരത്തെ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ കൈകാര്യം ചെയ്യുന്ന 112 നമ്പറില്‍ ബന്ധപ്പെട്ട് സഹായം തേടി. എന്നാല്‍ താമസിയാതെ സ്ഥലത്തെത്തിയ പൊലീസ് സംഭവത്തില്‍ ഇടപെടാതെ മുങ്ങുകയായിരുന്നു. ഇതു സംബന്ധിച്ച് അന്വേഷിച്ചു വരികയാണെന്ന് സംസ്ഥാന പൊലീസ് മേധാവി രവാഡ ചന്ദ്രശേഖര്‍ പറഞ്ഞു.
വീട്ടില്‍ തിരിച്ചുകയറിയ ബിന്ദു വീണ്ടും ഫോട്ടോകള്‍ എടുത്തു. ഭാര്യയില്‍നിന്ന് മൊബൈല്‍ കൈക്കലാക്കാന്‍ സഹായികളായ പ്രദീപിനോടും ശാന്തനോടും നിര്‍ദേശം നല്‍കുകയാണ് മന്ത്രി ചെയ്തതെന്നാണ് ആരോപണം. ഇതനുസരിച്ച് മുറിയുടെ വാതില്‍ കുറ്റിയിട്ട് സഹായികള്‍ ഇവരില്‍നിന്ന് മൊബൈല്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചു. ബഹളത്തിനിടയില്‍ വാതില്‍ തുറന്ന് പുറത്തിറങ്ങിയ ബിന്ദു വന്ന ടാക്സി കാറില്‍ തിരിച്ചുപോവുകയായിരുന്നു. ശ്രീലേഖ ഈ വിവരങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
തനിക്കെതിരെ ഉയരുന്ന വിവാദങ്ങള്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമാണെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു. പത്തനാപുരം നിയമസഭാ മണ്ഡലത്തില്‍ ഇത്തരം കഥകള്‍ക്ക് പ്രാധാന്യമില്ലെന്നും ആരോപണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്നും മന്ത്രി പ്രതികരിച്ചു.
ഗണേഷ് കുമാറിന് പ്രണയമുണ്ടോ എന്നത് മാധവിക്കുട്ടിയോട് പ്രണയമുണ്ടോ എന്ന് ചോദിക്കുന്നത് പോലെയാണ്. ഗണേഷ് കുമാറിന് ഒന്നല്ല ഒരായിരം പ്രണയങ്ങളുണ്ടെന്നും തനിക്ക് എപ്പോഴും വീട്ടില്‍ തന്നെയാണ് ശത്രുക്കളെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തി ജീവിതത്തില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ല. ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങള്‍ ഭൂരിപക്ഷം കൂട്ടും. അതേസമയം മേയര്‍ സ്ഥാനം കിട്ടാത്തതിന്റെ കൊതിക്കെറുവാണ് ശ്രീലേഖ തീര്‍ക്കുന്നതെന്നും ഇക്കാര്യത്തില്‍ ഇടപെടാന്‍ ശ്രീലേഖ ആരാണെന്നും മന്ത്രി ചോദിച്ചു. ആരോപണം ഉന്നയിക്കുന്നവര്‍ ആസ്വദിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ആരോപണം ഉന്നയിക്കുന്നത് ഒരു രോഗമാണ്. നന്മ ചെയ്തിട്ടുണ്ടെങ്കില്‍ ജനം ജയിപ്പിക്കുമെന്നും മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
താന്‍ ഈ വിവരങ്ങളെല്ലാം മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹത്തിന്റെ മകളെയും വിളിച്ചറിയിച്ചെന്ന് ബിന്ദു മേനോന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യത്തില്‍ നിയമനീക്കങ്ങളുമായി മുന്നോട്ട് പോകാനൊന്നും താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.
