കൊച്ചി: സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ചോർന്നെന്നാരോപിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ നൽകിയ ഹർജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സന്ദേശം അയച്ചതിൽ നിയമവിരുദ്ധതയില്ലെന്നും അത് നല്ല ഭരണത്തിന്റെ ഭാഗമായാണ് കാണേണ്ടതെന്നും കോടതി നിരീക്ഷിച്ചു.
സർക്കാർ ജീവനക്കാരുടെ ശമ്പള വിവരങ്ങൾ കൈകാര്യം ചെയ്യുന്ന 'സ്പാർക്ക്' (ടജഅഞഗ) സംവിധാനത്തിൽ നിന്ന് വ്യക്തിഗത വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൈമാറിയെന്നതിന് തെളിവുകളില്ലെന്നും അതിനാൽ ഡാറ്റാ ചോർച്ചയുണ്ടായെന്ന് പറയാനാകില്ലെന്നും കോടതി വ്യക്തമാക്കി.
സന്ദേശം രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായി കാണാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ക്ഷേമരാജ്യത്തിൽ ഇത്തരത്തിലുള്ള വിവരങ്ങൾ ജനങ്ങളുമായി പങ്കുവെക്കുന്നത് നല്ല ഭരണത്തിന്റെ ലക്ഷണമല്ലേയെന്നും കോടതി ചോദിച്ചു. ഭരണനിർവഹണത്തിന്റെ ഭാഗമായി സർക്കാരിന് സന്ദേശങ്ങൾ അയക്കാമെന്നും അതിനെ സ്വകാര്യതാ ലംഘനമായി കാണാനാകില്ലെന്നും ഉത്തരവിൽ പറയുന്നു.
അതേസമയം സന്ദേശം മുഖ്യമന്ത്രിയുടെ പേരിൽ അയച്ചതിനു പകരം കേരള സർക്കാരിന്റെ പേരിൽ അയച്ചിരുന്നെങ്കിൽ കൂടുതൽ ഉചിതമായിരുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു. എന്നാൽ ഈ വിഷയത്തിൽ ഹർജിക്കാർ പ്രത്യേകമായി വാദം ഉന്നയിച്ചിട്ടില്ലാത്തതിനാൽ അതിൽ ഇടപെടുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഡാറ്റാ ചോർച്ച ആരോപണം തള്ളി ഹൈക്കോടതി; സർക്കാർ സന്ദേശം നല്ല ഭരണത്തിന്റെ ഭാഗമെന്ന് നിരീക്ഷണം
