ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനവുമായി സഞ്ജു സാംസണ്‍. 40 പന്തില്‍ സെഞ്ച്വറിയടിച്ച സഞ്ജുവിന്റെ ബലത്തില്‍ ഇന്ത്യ ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളുടെ കൂട്ടത്തില്‍ എക്കാലത്തെയും ഉയര്‍ന്ന ടി20 ടീം ടോട്ടല്‍ സ്വന്തമാക്കി.
മംഗോളിയക്കെതിരെ നേപ്പാള്‍ 314 റണ്‍സ് എടുത്തിട്ടുണ്ടെങ്കിലും രണ്ടും ടെസ്റ്റ് രാജ്യങ്ങളല്ല. അയര്‍ലന്‍ഡിനെതിരെ അഫ്ഗാനിസ്ഥാന്‍ നേടിയ 278/3 എന്ന റെക്കോഡാണ് ഇന്ത്യ തകര്‍ത്തത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സാണ് പടുത്തുയര്‍ത്തിയത്. 22 പന്തില്‍ അമ്പതും അടുത്ത 18 പന്തില്‍ നൂറും തികച്ച സഞ്ജു 47 പന്തില്‍ 111 റണ്‍സ് കുറിച്ചാണ് മടങ്ങിയത്. 8 സിക്‌സുകളും 11 ഫോറുകളും സഞ്ജു അടിച്ചു കൂട്ടി. ഇതില്‍ അഞ്ച് സിക്‌സറും പിറന്നത് റിഷാദ് ഹുസൈന്‍ എറിഞ്ഞ ഇന്നിങ്സിലെ പത്താം ഓവറിലായിരുന്നു. സഞ്ജുവിന്റെ ആദ്യ അന്താരാഷ്ട്ര ടി20 സെഞ്ചുറിയാണിത്.
അഭിഷേക് ശര്‍മ (4) പുറത്തായ ശേഷം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമൊത്ത് (35 പന്തില്‍ 75) സഞ്ജു കൂട്ടിച്ചേര്‍ത്തത് 173 റണ്‍സാണ്. തുടര്‍ന്നെത്തിയ റിയാന്‍ പരാഗും (13 പന്തില്‍ 34) ഹാര്‍ദിക് പാണ്ഡ്യയും (18 പന്തില്‍ 47) കൂടി തകര്‍ത്തടിച്ചതോടെയാണ് ഇന്ത്യന്‍ സ്‌കോര്‍ മുന്നൂറിനടുത്തെത്തിയത്.
ആദ്യ രണ്ട് മത്സരങ്ങള്‍ വിജയം നേടിയ ഇന്ത്യ അടുത്ത മത്സരം ജയിച്ചാല്‍ പരമ്പര ഇന്ത്യക്ക് തൂത്തുവാരാം.