മൂന്നു വയസ്സില്‍ ലോക റെക്കോര്‍ഡ്: ഇന്ത്യയുടെ സര്‍വജ്ഞ സിംഗ് കുഷ്‌വാഹയ്ക്ക് ഫിഡെ റേറ്റിംഗ്

മൂന്നു വയസ്സില്‍ ലോക റെക്കോര്‍ഡ്: ഇന്ത്യയുടെ സര്‍വജ്ഞ സിംഗ് കുഷ്‌വാഹയ്ക്ക് ഫിഡെ റേറ്റിംഗ്


ഭോപാല്‍: മൂന്നു വയസ്സും ഏഴ് മാസവും 20 ദിവസവും മാത്രം പ്രായമുള്ള ഇന്ത്യന്‍ ചെസ് പ്രതിഭ സര്‍വജ്ഞ സിംഗ് കുഷ്‌വാഹ ചരിത്രനേട്ടം സ്വന്തമാക്കി. ഔദ്യോഗിക ഫിഡെ റേറ്റിംഗ് നേടുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ഈ കുട്ടി താരം മാറി. ഇതോടെ, കഴിഞ്ഞ വര്‍ഷം നവംബറില്‍ മൂന്നു വയസ്സും എട്ട് മാസവും 19 ദിവസവും പ്രായത്തില്‍ ഈ നേട്ടം കൈവരിച്ച ഇന്ത്യക്കാരനായ അനീഷ് സര്‍ക്കാറിന്റെ റെക്കോര്‍ഡ് തിരുത്തപ്പെട്ടു. 

മധ്യപ്രദേശിലെ ഒരു നേഴ്‌സറി വിദ്യാര്‍ത്ഥിയായ സര്‍വജ്ഞയ്ക്ക് നിലവില്‍ 1,572 എന്ന റാപിഡ് റേറ്റിംഗാണുള്ളത്. ഫിഡെയില്‍ നിന്ന് റേറ്റിംഗ് ലഭിക്കണമെങ്കില്‍ കുറഞ്ഞത് ഒരു ഫിഡെ റേറ്റഡ് കളിക്കാരനെങ്കിലും പരാജയപ്പെടുത്തണം എന്ന മാനദണ്ഡം  മറികടന്നത് സംസ്ഥാനത്തിനകത്തും പുറത്തുമായി നടന്ന മത്സരങ്ങളില്‍ മൂന്ന് റേറ്റഡ് കളിക്കാരെ ജയിച്ചതോടെയാണ്. 

ലോക റാപിഡ് ചെസില്‍ 2,824 റേറ്റിംഗോടെ നമ്പര്‍ വണ്‍ സ്ഥാനത്തുള്ളത് മാഗ്‌നസ് കാര്‍ല്‍സനാണ്. 'ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഫിഡെ റേറ്റിംഗ് നേടിയ കളിക്കാരനായി മകന്‍ മാറിയത് ഞങ്ങള്‍ക്ക് വലിയ അഭിമാനമാണ്. അവന്‍ ഗ്രാന്‍ഡ്മാസ്റ്ററാകണമെന്നാണ് ആഗ്രഹം,' സര്‍വജ്ഞയുടെ പിതാവ് സിദ്ധാര്‍ഥ് സിംഗ് ഇന്ത്യന്‍ മാധ്യമത്തോട് പറഞ്ഞു. 
ചെസ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്ന ഈ നേട്ടത്തോടെ സര്‍വജ്ഞ ഇന്ത്യന്‍ ചെസിന്റെ പുതിയ പ്രതീക്ഷയായി മാറുകയാണ്.