ഇറാനിയൻ മിസൈലുകൾക്ക് ചൈനീസ് 'കണ്ണുകൾ'

ഇറാനിയൻ മിസൈലുകൾക്ക് ചൈനീസ് 'കണ്ണുകൾ'


ഇസ്രായേലിനെയും അമേരിക്കയെയും വിറപ്പിക്കുന്ന കൃത്യത ഇറാനിയൻ മിസൈലുകൾ കാട്ടിയെങ്കിൽ അതിന് കാരണം ചൈനീസ് സാങ്കേതികവിദ്യയാണ്.


ടെഹ്‌റാൻ/വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ ഇസ്രായേലും അമേരിക്കയുമായി തുടരുന്ന യുദ്ധത്തിൽ ഇറാന്റെ മിസൈലുകൾ അസാധാരണമായ കൃത്യത പ്രദർശിപ്പിക്കുകയും ലക്ഷ്യസ്ഥാനങ്ങളിൽ പതിക്കുകയും ചെയ്തത് പലരെയും അമ്പരപ്പിച്ചിരിക്കുന്നു. എന്നാൽ, അതിൽ അദ്‌ഭുതപ്പെടാൻ ഒന്നുമില്ലെന്നതാണ് വസ്തുത. ഇറാനിയൻ മിസൈലുകളുടെ കൃത്യതക്ക് പിന്നിൽ ചൈനീസ് സാങ്കേതികവിദ്യയാണെന്നാണ് ഇപ്പോൾ ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ചൈനയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ 'ബെയ്‌ഡു' (BeiDou) ഉപയോഗിച്ചാണ് ഇറാൻ ഇസ്രായേലിലെയും ഗൾഫ് മേഖലയിലെയും സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുന്നതെന്നാണ് രഹസ്യാന്വേഷണ വിദഗ്ധർ വിലയിരുത്തുന്നത്. ജൂണിൽ ഇസ്രായേലുമായി നടന്ന 12 ദിവസത്തെ യുദ്ധത്തിന് ശേഷം ഇറാനിയൻ മിസൈലുകളുടെ പ്രഹരശേഷിയിലും കൃത്യതയിലും വലിയ മാറ്റം വന്നിട്ടുണ്ടെന്ന് ഫ്രഞ്ച് വിദേശ രഹസ്യാന്വേഷണ വിഭാഗം മുൻ ഡയറക്ടർ അലെയ്ൻ ജുയ്ലെറ്റാണ് ആദ്യം വെളിപ്പെടുത്തിയത്. എട്ടു മാസങ്ങൾക്ക് മുമ്പ് നടന്ന യുദ്ധകാലത്തേക്കാൾ കൃത്യമായാണ് ഇപ്പോൾ മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് പതിക്കുന്നത്. ഇത് മിസൈലുകളുടെ ഗൈഡൻസ് സംവിധാനത്തിൽ വലിയ മാറ്റം സംഭവിച്ചുവെന്നതിന്റെ സൂചനയാണെന്നും അദ്ദേഹം പറയുന്നു.

ഫെബ്രുവരി 28-ന് ആരംഭിച്ച യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾക്കും പരമോന്നത നേതാവ് അലി ഖമനേയി അടക്കമുള്ള പ്രമുഖ നേതാക്കളുടെ വധത്തിനും മറുപടിയായി നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളുമാണ് ഇറാൻ വിക്ഷേപിച്ചത്. ഇസ്രായേലിന്റെയും ഗൾഫ് രാജ്യങ്ങളുടെയും പ്രതിരോധ കവചങ്ങൾ പല മിസൈലുകളെയും തടഞ്ഞുവെങ്കിലും, ചിലവ പ്രതിരോധം ഭേദിച്ച് ലക്ഷ്യസ്ഥാനത്ത് പതിക്കുകയും വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു.

നേരത്തെ അമേരിക്കയുടെ ഉടമസ്ഥതയിലുള്ള ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റത്തെ (GPS) ആണ് ഇറാൻ ആശ്രയിച്ചിരുന്നത്. യുദ്ധസമയത്ത് ഇതിന്റെ സിഗ്നലുകൾ ജാം ചെയ്യാനോ തടയാനോ അമേരിക്കയ്ക്ക് സാധിക്കുമായിരുന്നു. എന്നാൽ ഇറാൻ ഇപ്പോൾ ചൈനയുടെ 'ബെയ്‌ഡു' സംവിധാനമാണ് ഉപയോഗിക്കുന്നതെങ്കിൽ അതിൽ ഇടപെടാൻ അമേരിക്കയ്ക്ക് കഴിയില്ല. ഇതാണ് നിലവിൽ അമേരിക്കയെയും സഖ്യകക്ഷികളെയും ആശങ്കയിലാക്കുന്നത്. ചൈനീസ് ഉപഗ്രഹ സംവിധാനം ഉപയോഗിക്കുന്ന കാര്യത്തിൽ ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എങ്കിലും മിസൈലുകളുടെ ലക്ഷ്യവേധനത്തിലുള്ള കൃത്യത പശ്ചിമേഷ്യയിലെ യുദ്ധമുഖത്ത് പുതിയ പ്രതിസന്ധികൾ സൃഷ്ടിക്കുകയാണ്.

എന്താണ് ബെയ്‌ഡു?

അമേരിക്കയുടെ ജിപിഎസിന് ബദലായി ചൈന വികസിപ്പിച്ചെടുത്ത ആഗോള നാവിഗേഷൻ ഉപഗ്രഹ സംവിധാനമാണിത്. സൈനിക ആവശ്യങ്ങൾക്കായി ചൈന ഈ സംവിധാനത്തിന്റെ ഉന്നത നിലവാരമുള്ള സിഗ്നലുകൾ തങ്ങളുടെ സൗഹൃദ രാജ്യങ്ങൾക്ക് കൈമാറാറുണ്ട്. ജിപിഎസിനെ അപേക്ഷിച്ച് കൂടുതൽ കൃത്യതയും സ്വതന്ത്രമായ നിയന്ത്രണവും ഇത് വാഗ്ദാനം ചെയ്യുന്നു. യഥാർത്ഥ സമയത്തുള്ള (Real-time) ഉപഗ്രഹ വിവരങ്ങൾ ലഭ്യമാക്കുന്നതിൽ അമേരിക്ക ദശാബ്ദങ്ങളായി പുലർത്തിയിരുന്ന ആധിപത്യം അവസാനിക്കുകയാണോയെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. ഇറാന്റെ പക്കൽ ബെയ്‌ഡു എത്തിയെന്ന വാർത്തകൾ ഇത്തരമൊരു ചർച്ചയ്ക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്.

അമേരിക്കയുടെ ജിപിഎസിന് വെല്ലുവിളിയായി 2020ലാണ് ചൈന തങ്ങളുടെ അത്യാധുനിക നാവിഗേഷൻ സംവിധാനം പൂർണ്ണമായി പ്രവർത്തനസജ്ജമാക്കിയത്. ബെയ്ജിംഗിലെ ഗ്രേറ്റ് ഹാൾ ഓഫ് ദ പീപ്പിളിൽ നടന്ന ചടങ്ങിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗാണ് ഈ സംവിധാനം കമ്മീഷൻ ചെയ്തത്. 1996-ലെ തായ്‌വാൻ പ്രതിസന്ധിയുടെ കാലത്താണ് സ്വന്തമായി ഒരു നാവിഗേഷൻ സംവിധാനം വേണമെന്ന ചിന്ത ചൈനയിൽ ശക്തമായത്. ഭാവിയിൽ ഏതെങ്കിലും യുദ്ധസാഹചര്യത്തിൽ വാഷിംഗ്ടൺ ജിപിഎസ് സേവനങ്ങൾ നിഷേധിച്ചാൽ തങ്ങളുടെ സൈനിക നീക്കങ്ങൾ തടസ്സപ്പെടാതിരിക്കാനാണ് ചൈന സ്വന്തം സംവിധാനം വികസിപ്പിച്ചത്.

ലോകത്തെ സേവിക്കാനും മനുഷ്യരാശിക്ക് ഗുണകരമാകാനുമാണ് ഈ പദ്ധതിയെന്നാണ് ചൈനീസ് സർക്കാരിന്റെ ഔദ്യോഗിക നിലപാട്. മറ്റ് നാവിഗേഷൻ സംവിധാനങ്ങളെ അപേക്ഷിച്ച് ബെയ്‌ഡുവിന് ഒരു വലിയ പ്രത്യേകതയുണ്ട്—ഉപഗ്രഹങ്ങളുടെ എണ്ണം. അൽ ജസീറയുടെ ഡാറ്റാ ടീം പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ചൈനീസ് ബെയ്‌ഡു (BDS) 45 ഉപഗ്രഹങ്ങളുടെ സമാകലനമാണ്. അമേരിക്കൻ ജിപിഎസിനാകട്ടെ 24 ഉപഗ്രഹങ്ങൾ മാത്രമാണുള്ളത്. റഷ്യൻ ഗ്ലോനാസ് (GLONASS) നാവിഗേഷൻ സംവിധാനത്തിന് പിന്തുണയുമായി 24 ഉപഗ്രഹങ്ങളുണ്ട്. യൂറോപ്യൻ യൂണിയന്റെ ഗലീലിയോ (Galileo) സംവിധാനത്തിന് പിന്നിൽ 24 ഉപഗ്രഹങ്ങളും. അമേരിക്കൻ സംവിധാനത്തേക്കാൾ ഏതാണ്ട് ഇരട്ടി ഉപഗ്രഹങ്ങൾ ചൈനയ്ക്കുണ്ട് എന്നത് വിവരശേഖരണത്തിലെ കൃത്യത വർദ്ധിപ്പിക്കുന്നു.

ത്രിതല പ്രവർത്തനം

ബെയ്‌ഡു പ്രധാനമായും മൂന്ന് ഭാഗങ്ങളായാണ് പ്രവർത്തിക്കുന്നത്: ഒന്ന്, സ്പേസ് സെഗ്‌മെന്റ് എന്ന ബഹിരാകാശത്തുള്ള ഉപഗ്രഹങ്ങളുടെ ശൃംഖല; രണ്ട്, ഗ്രൗണ്ട് സെഗ്‌മെന്റ് അഥവാ മാസ്റ്റർ കൺട്രോൾ സ്റ്റേഷനുകൾ, ടൈം സിൻക്രൊണൈസേഷൻ സ്റ്റേഷനുകൾ, മോണിറ്ററിംഗ് സ്റ്റേഷനുകൾ എന്നിവയുൾപ്പെടുന്ന ഭൂമിയിലെ നിയന്ത്രണ കേന്ദ്രങ്ങൾ; മൂന്ന്, യൂസർ സെഗ്‌മെന്റ് അഥവാ ഈ വിവരങ്ങൾ സ്വീകരിക്കുന്ന ചിപ്പുകൾ, മോഡ്യൂളുകൾ, ആന്റിനകൾ, ടെർമിനലുകൾ എന്നിവയുൾപ്പെടുന്ന ഉപഭോക്തൃ തലത്തിലുള്ള സേവനങ്ങൾ. മറ്റ് നാവിഗേഷൻ സംവിധാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കാനുള്ള ശേഷിയും (Inter-compatibility) ബെയ്‌ഡുവിനുണ്ട്. ഇത് ആഗോളതലത്തിൽ ഉപഭോക്താക്കൾക്ക് കൂടുതൽ വഴക്കം നൽകുന്നു.

മറ്റ് ഉപഗ്രഹ നാവിഗേഷൻ സംവിധാനങ്ങളെപ്പോലെ ഉപഗ്രഹങ്ങളിൽ നിന്നുള്ള തത്സമയ സിഗ്നലുകൾ ഭൂമിയിലോ വാഹനങ്ങളിലോ ഉള്ള റിസീവറുകളിലേക്ക് അയച്ചാണ് ബെയ്‌ഡു പ്രവർത്തിക്കുന്നത്. ഒന്നിലധികം ഉപഗ്രഹങ്ങളിൽ നിന്നുള്ള സിഗ്നലുകൾ റിസീവറിലെത്താൻ എടുക്കുന്ന സമയം കണക്കാക്കി ലക്ഷ്യസ്ഥാനത്തിന്റെ കൃത്യമായ ഭൂമിശാസ്ത്രപരമായ സ്ഥാനം (Geographic position) കണ്ടെത്താൻ ഈ സംവിധാനത്തിന് കഴിയും. "സേവനത്തിന്റെ നിലവാരമനുസരിച്ച് ഇതിന്റെ കൃത്യതയിലും മാറ്റം വരാം," ബ്രസ്സൽസ് ആസ്ഥാനമായുള്ള സൈനിക നിരീക്ഷകൻ എലിജ മഗ്നിയർ പറയുന്നു. സാധാരണ സിവിൽ സിഗ്നലുകൾ 5 മുതൽ 10 മീറ്റർ വരെയുള്ള കൃത്യത നൽകുമ്പോൾ, സൈനിക ആവശ്യങ്ങൾക്കായുള്ള നിയന്ത്രിത സേവനങ്ങൾ (Restricted services) ഇതിലും ഉയർന്ന കൃത്യത ഉറപ്പാക്കുന്നു