അരിവാള്‍ രോഗത്തിന് ജീന്‍ തെറാപ്പിക്ക് വിധേയനായ 12കാരന്‍ ലോകത്തിലെ ആദ്യ രോഗി

അരിവാള്‍ രോഗത്തിന് ജീന്‍ തെറാപ്പിക്ക് വിധേയനായ 12കാരന്‍ ലോകത്തിലെ ആദ്യ രോഗി


വാഷിംഗ്ടണ്‍: അരിവാള്‍ രോഗത്തിന് ലോകത്തിലാദ്യമായി വാണിജ്യപരമായി അംഗീകരിച്ച ജീന്‍ തെറാപ്പിക്ക് വിധേയനായി 12കാരന്‍ ബാലന്‍. വാഷിംഗ്ടണിന്റെ പ്രാന്തപ്രദേശത്തു നിന്നുള്ള കെന്‍ഡ്രിക് ക്രോമറാണ് ഈ ചികിത്സ നടത്തിയ ആദ്യ രോഗി.

യു എസിലെ ഇരുപതിനായിരത്തോളം അരിവാള്‍ രോഗികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് കെന്‍ഡ്രികിന്റെ ചികിത്സ. 

കെന്‍ഡ്രികിനെ പോലെയുള്ള ചില ഭാഗ്യശാലികള്‍ക്ക് ചികിത്സയിലൂടെ അവര്‍ ആഗ്രഹിക്കുന്ന ജീവിതം സാധ്യമായേക്കാം. ബൈക്ക് ഓടിക്കുക,തണുപ്പുള്ളപ്പോഴും പുറത്തേക്കിറങ്ങുക, ഫുട്ബാള്‍ കളിക്കുക തുടങ്ങിയാ സാധാരണ സ്വപ്‌നങ്ങളാണ് കെന്‍ഡ്രിക്കിനുള്ളത്.  

താനാഗ്രഹിക്കുന്ന കാര്യങ്ങള്‍ തടസ്സപ്പെടുത്തുകയും സ്വപ്‌നങ്ങളെ ഇല്ലാതാക്കുകയുമാണ് അരിവാള്‍ രോഗം ചെയ്തതെന്നും ഇപ്പോള്‍ സാധാരണ ജീവിതം നയിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെന്‍ഡ്രിക് പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ രണ്ട് കമ്പനികള്‍ക്ക് അരിവാള്‍ രോഗികള്‍ക്ക് ജീന്‍ തെറാപ്പി നല്‍കാന്‍ അനുമതി കൊടുത്തത്. ചുവന്ന രക്താണുക്കളുടെ ജനിതക വൈകല്യത്തിലൂടെ കടുത്ത വേദനയും മറ്റു പ്രശ്‌നങ്ങളും അനുഭവപ്പെടുന്നതാണ് സിക്കിള്‍സെല്‍ അഥവാ അരിവാള്‍ രോഗം.  യു എസില്‍ ഏകദേശം ഒരു ലക്ഷം പേര്‍ക്കെങ്കിലും അരിവാള്‍ രോഗമുണ്ടാകുമെന്നാണ് കണക്ക്. മാതാപിതാക്കളില്‍ നിന്നും പാരമ്പര്യമായി ലഭിക്കുന്ന അരിവാള്‍ രോഗ ജീനാണ് പുതിയ തലമുറയില്‍ അസുഖമെത്തിക്കുന്നത്. 

പുതിയ ചികിത്സ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ രോഗികള്‍ക്ക് സഹായം നല്‍കി. ജീന്‍ ചികിത്സ നല്‍കാന്‍ അംഗീകാരം ലഭിച്ച ബ്ലൂബേര്‍ഡ് ബയോയുടെ ആദ്യ വാണിജ്യ രോഗിയാണ് കെന്‍ഡ്രിക്. മറ്റൊരു കമ്പനിയായ വെര്‍ടെക്സ് തെറാപ്പിറ്റിക്സ് ഓഫ് ബോസ്റ്റണ്‍ ഏതെങ്കിലും രോഗികള്‍ക്ക് ചികിത്സ ആരംഭിച്ചിട്ടുണ്ടോ എന്ന വിവരങ്ങള്‍ കൈമാറിയില്ല.