ഇറക്കുമതി ചെയ്യുന്ന മരുന്നുകള്‍ക്ക് 200% വരെ താരിഫ് ചുമത്തുമെന്ന് ട്രംപ്

ഇറക്കുമതി ചെയ്യുന്ന മരുന്നുകള്‍ക്ക് 200% വരെ താരിഫ് ചുമത്തുമെന്ന് ട്രംപ്


വാഷിംഗ്ടണ്‍ ഡി സി : ഇറക്കുമതി ചെയ്യുന്ന സെമികണ്ടക്ടറുകള്‍ക്കും മരുന്നുകള്‍ക്കും കനത്ത തീരുവ പ്രഖ്യാപിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മരുന്നുകളുടെ താരിഫ് നിരക്ക് 200 ശതമാനമായിവര്‍ധിപ്പിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ താരിഫുകള്‍ അവതരിപ്പിക്കുന്നതിന് മുമ്പ് മരുന്നു നിര്‍മ്മാണ കമ്പനികള്‍ക്ക് ഒരു വര്‍ഷം സമയം നല്‍കുമെന്ന് വൈറ്റ് ഹൗസില്‍ നടന്ന മന്ത്രിസഭാ യോഗത്തിനു ശേഷം ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിദേശ മരുന്നുകളുടെ ഉല്‍പാദനത്തെ വ്യാപകമായി ആശ്രയിക്കുന്നത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പറഞ്ഞ ട്രംപ് ഭരണകൂടം താരിഫ് ചുമത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഏപ്രിലില്‍ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു.

അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ചെമ്പിനും 50% തീരുവ ചുമത്താന്‍ പദ്ധതിയിടുന്നതായി ട്രംപ് പറഞ്ഞിരുന്നു. ഇലക്ട്രോണിക്‌സ്, ക്ലീന്‍ എനര്‍ജി എന്നിവയുടെ വിതരണ ശൃംഖലയിലെ പ്രധാന ഘടകമായ ലോഹത്തിന്റെ യുഎസ് ഇറക്കുമതിയെക്കുറിച്ച് ട്രംപ് ഭരണകൂടം സെക്ഷന്‍ 232 എന്നറിയപ്പെടുന്ന അന്വേഷണം ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചിരുന്നു.

ഫാര്‍മസ്യൂട്ടിക്കല്‍ താരിഫുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ മാസാവസാനം അറിയിക്കുമെന്ന് കാബിനറ്റ് യോഗത്തിന് ശേഷം യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക് പറഞ്ഞു. ഫാര്‍മസ്യൂട്ടിക്കല്‍സും സെമികണ്ടക്ടറുകളും സംബന്ധിച്ച പഠനങ്ങള്‍ മാസാവസാനത്തോടെ പൂര്‍ത്തിയാകും, അതിനാല്‍ പ്രസിഡന്റ് തന്റെ നയങ്ങള്‍ പിന്നീട് തീരുമാനിക്കും, അദ്ദേഹം വ്യക്തമാക്കി.

ഇറക്കുമതി ചെയ്യുന്ന മരുന്നുകള്‍ക്ക് 200% വരെ താരിഫ് ചുമത്തുമെന്ന് ട്രംപ്