സമൂഹ മാധ്യമങ്ങളിൽ ദേശവിരുദ്ധ ഉള്ളടക്കം പങ്കുവയ്ക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കുമെതിരെ എൻ ഐ എ

സമൂഹ മാധ്യമങ്ങളിൽ ദേശവിരുദ്ധ ഉള്ളടക്കം പങ്കുവയ്ക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കുമെതിരെ എൻ ഐ എ


ന്യൂഡൽഹി : സമൂഹമാധ്യമങ്ങളിൽ ദേശവിരുദ്ധ ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നവരെയും പ്രചരിപ്പിക്കാൻ സഹായിക്കുന്നവർക്കെതിരെയും നടപടിയെടുക്കാൻ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ). സമൂഹമാധ്യമങ്ങൾ വഴി തെറ്റിദ്ധാരണാജനകവും പ്രകോപനപരവുമായ ഉള്ളടക്കങ്ങളുടെ വ്യാപനം തടയുന്നതിനായി മറ്റു രഹസ്യാന്വേഷണ ഏജൻസികളുമായി ചേർന്ന് എൻ.ഐ.എ നടപടി സ്വീകരിക്കും.

ഖാലിസ്ഥാൻ വിഘടനവാദി ഗുർപത്വന്ത് സിങ് പന്നു, ഗുണ്ടാസംഘം ഗോൾഡി ബ്രാർ അടക്കമുള്ളവരുടെ ഓൺലൈൻ വിഡിയോകൾ തടഞ്ഞതിനു ശേഷം അത്തരം ഉള്ളടക്കങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് എൻ.ഐ.എ പദ്ധതി തയാറാക്കുന്നത്.

പദ്ധതി പ്രകാരം സമൂഹമാധ്യമ പ്ലാറ്റ് ഫോമുകൾ അവരുടെ ആഭ്യന്തര സംവിധാനങ്ങളിലൂടെ രാജ്യവിരുദ്ധവും പ്രകോപനപരവുമായ ഉള്ളടക്കങ്ങൾ നിരീക്ഷിക്കുകയും തടയുകയും ചെയ്യണം. ഇത്തരം ഉള്ളടക്കങ്ങൾക്കെതിരെ എന്തെല്ലാം നടപടികളെടുത്തുവെന്ന് സർക്കാറിനെ കൃത്യമായ ഇടവേളകളിൽ അറിയിക്കണം.

വിദേശത്തുനിന്ന് പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങൾക്കെതിരെയും നടപടികളുണ്ടാകുമെന്ന് അധികൃതർ സൂചിപ്പിച്ചു. ഇത്തരം ഉള്ളടക്കങ്ങൾ രാജ്യത്തിനുള്ളിൽ വ്യാപിപ്പിക്കാൻ ശ്രമിക്കുന്ന വ്യക്തികൾക്കെതിരെയും ശൃംഖലകൾക്കെതിരെയും ഇന്ത്യൻ നിയമപ്രകാരം നടപടികളുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.